നരേന്ദ്ര മോദിക്കെതിരേ നേപ്പാളില്‍ പ്രതിഷേധം; പ്രതിഷേധക്കാര്‍ക്കെതിരേ കടുത്ത നടപടിയെന്ന് നേപ്പാള്‍ സര്‍ക്കാര്‍

Update: 2021-09-13 15:52 GMT

ന്യൂഡല്‍ഹി: നേപ്പാളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വമ്പന്‍ പ്രതിഷേധം. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ചെറുതല്ലാത്ത പ്രതിഷേധങ്ങള്‍ നടക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. സപ്തംബര്‍ 5ാം തിയ്യതിയാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.

നേപ്പാളിലെ ബിയാസ് റൂറല്‍ മുനിസിപ്പാലിറ്റിയിലെ മഹാകാളി നദി മുറിച്ചുകടക്കാനൊരുങ്ങിയ യുവാവിന്റെ മരണമാണ് ഇപ്പോഴത്തെ പ്രതിഷേധത്തിനു പിന്നില്‍. ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനവുമായി അതിര്‍ത്തിപങ്കുവയ്ക്കുന്ന നദിയാണ് മഹാകാളി. ഈ നദിയിലൂടെ ഇന്ത്യയിലേക്ക് കടക്കുന്നതിനിടെയാണ് 33 വയസ്സുകാരനായ ജെയ് സിങ് ധര്‍മി പുഴയില്‍ വീണത്.

ബിഎസ്എഫ് ജവാന്മാരെ കണ്ടതോടെയാണ് ധര്‍മി നദിയിലേക്ക് വീണതെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ധര്‍മി അനധികൃതമായി കടക്കുകയായിരുന്നെന്നും ബിഎസ്എഫിനെ കണ്ട് ഭയക്കുകയായിരുന്നെന്നും അവര്‍ പറയുന്നു. വിശദീകരണങ്ങള്‍ മിക്കതും പ്രതിഷേധക്കാര്‍ തള്ളി. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു മരണമെന്ന കാര്യം ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മിറ്റി കണ്ടെത്തി.

യുവാക്കളോട് പ്രതിഷേധം അവസാനിപ്പിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ, നേപ്പാളിന്റെ സൗഹൃദരാജ്യമാണെന്നും അവിടത്തെ പ്രധാനമന്ത്രിക്കെതിരേ നടക്കുന്ന സമരം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഹാനികരമാണെന്നും സര്‍ക്കാര്‍ പറയുന്നു.

Tags:    

Similar News