'ചിലര്‍ക്ക് അമാനുഷികരാവണമത്രേ, പിന്നെ ദേവനും ഭഗവാനുമാവണം'; മോദിക്കെതിരേ വീണ്ടും മോഹന്‍ ഭാഗവത്
ജാര്‍ഖണ്ഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെ വീണ്ടും പരോക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി. ജാര്‍ഖണ്ഡിലെ ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് മോദിക്കെതിരെയുള്ള വീണ്ടും ഒളിയമ്പുമായി ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് രംഗത്തെത്തിയത്. 'ചിലര്‍ക്ക് അമാനുഷികരാവണമത്രേ, എന്നാല്‍ അവിടെയൊന്നും ആഗ്രഹം അവസാനിക്കുന്നില്ല. പിന്നെ ദേവനാവണം, ഭഗവാനാവണം. പിന്നെ വിശ്വരൂപമാകണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനും മുകളില്‍ എന്തെങ്കിലും ഉണ്ടോ എന്ന് ആര്‍ക്കറിയാം എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പാരമര്‍ശം. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് പിന്നാലെയും മോഹന്‍ ഭാഗവത് പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. യഥാര്‍ഥ സേവകന് അഹങ്കാരമുണ്ടാവാന്‍ പാടില്ലെന്നും ആരെയും വേദനിപ്പിക്കാതെ പ്രവര്‍ത്തിക്കണമെന്നുമായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്. മോദിയെ ലക്ഷ്യമിട്ടാണ് പരാമര്‍ശമെന്നായിരുന്നു ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപോര്‍ട്ട് ചെയ്തത്.