മലബാര്‍ സമരത്തെ അവഹേളിച്ച് പിഎസ്‌സി ചോദ്യപേപ്പര്‍; കാംപസ് ഫ്രണ്ട് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

മാര്‍ച്ചിന് നേരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു

Update: 2022-05-12 09:58 GMT

തിരുവനന്തപുരം: 1921 മലബാര്‍ സമരത്തെ അവഹേളിക്കുന്ന തരത്തില്‍ പിഎസ്‌സി ചോദ്യപേപ്പര്‍ തയാറാക്കിയ നടപടിക്കെതിരെയും പിണറായി സര്‍ക്കാര്‍ തുടരുന്ന ഇസ്‌ലാമോഫോബിയക്കെതിരെയും കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.

മാര്‍ച്ച് സെക്രട്ടറിയേറ്റ് പരിസരത്ത് വച്ച് പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയും പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി സലാഹുദ്ദീന്‍ അയ്യൂബി അധ്യക്ഷത വഹിച്ചു.

പ്രതിഷേധ മാര്‍ച്ച് സംസ്ഥാന കമ്മിറ്റി അംഗം അംജദ് കണിയാപുരം ഉദ്ഘാടനം ചെയ്തു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളാ സര്‍വകലാശാലയുടെ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദ പരീക്ഷയിലും ഇത്തരത്തില്‍ ചോദ്യം ഉള്‍പ്പെടുത്തിയത് വിവാദമായിരിക്കുകയാണ്. മതേതര ഭരണഘടനാ സ്ഥാപനത്തെ ആര്‍എസ്എസ് അജണ്ടകള്‍ ഒളിച്ചുകടത്താന്‍ ഉപയോഗപ്പെടുത്തുന്നവരെ കണ്ടെത്താനും അവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. മതസ്പര്‍ദ്ദയുണ്ടാക്കാനും വര്‍ഗീയത പ്രചരിപ്പിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നതും ഗുരുതരമായ കുറ്റമായി കാണണം. അധ്യാപക പരീക്ഷയില്‍ ആര്‍എസ്എസ് ഭാഷ്യം ചോദ്യപേപ്പറിലുള്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അംജദ് കണിയാപുരം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി ആമിന സുധീര്‍ സംസാരിച്ചു.

പാളയത്ത് നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമാപിച്ചു. മാര്‍ച്ചില്‍ നൂറുകണക്കിന് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ സംബന്ധിച്ചു. 

Tags:    

Similar News