പശ്ചിമ ബംഗാളില്‍ ഗ്രീന്‍സോണില്‍ പൊതുഗതാഗതത്തിന് നിയന്ത്രണങ്ങളോടെ അനുമതി

Update: 2020-05-05 13:07 GMT

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ ഗ്രീന്‍സോണുകളില്‍ നിയന്ത്രണങ്ങളോടെ പൊതുഗതാഗതത്തിന് അനുമതി നല്‍കി. വാഹനത്തിന്റെ കപ്പാസിറ്റിയുടെ പകുതി ആളുകളെ വച്ചുമാത്രമേ സര്‍വീസ് നടത്താന്‍ അനുവദിക്കൂവെന്ന് പശ്ചിമ ബംഗാള്‍ പോലിസ് അറിയിച്ചു. മാത്രമല്ല, ജില്ല വിട്ടുപോകാനും അനുവദിക്കില്ല.

''പൊതുഗതാഗത വാഹനങ്ങള്‍ക്ക് നിര്‍മിത ശേഷിയുടെ പകുതി ആളുകളെ കയറ്റി ജില്ലയ്ക്കുള്ളില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കും. സാമൂഹിക അകലം പാലിക്കാനും കഴിയാവുന്നവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനും മാസ്‌ക്കുകള്‍ ധരിക്കാനും മറക്കരുത്. ബംഗാളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും''- പശ്ചിമ ബംഗാള്‍ പോലിസ് ട്വീറ്റ് ചെയ്തു.

കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രദേശങ്ങള്‍ക്കു പുറത്ത് മൂന്ന് പേരെ കയറ്റി ചെറിയ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്.

''മാര്‍ച്ച് 25നു ശേഷം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്ത 40,723 പേരെ ബംഗാളിലാകെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 3,614 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഒറ്റവരിയുള്ള കച്ചടവസ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രദേശങ്ങള്‍ക്കു പറത്ത് 3 പേരെ കയറ്റി ചെറിയ വാഹനങ്ങള്‍ക്കും യാത്ര നടത്താം''- മറ്റൊരു ട്വീറ്റിലൂടെ പോലിസ് അറിയിച്ചു. 

Tags:    

Similar News