റോഡ് ഉപരോധ സമരത്തിനെതിരേ പരസ്യ പ്രതികരണം; നടന്‍ ജോജു ജോര്‍ജിന്റെ വീടിനു നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചു
മാള: ഇന്ധനവില വര്‍ധനയ്‌ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധത്തെ തടഞ്ഞ നടന്‍ ജോജു ജോര്‍ജ്ജിന്റെ വസതിക്ക് നല്‍കിയിരുന്ന സുരക്ഷ പോലിസ് പിന്‍വലിച്ചു. കൊച്ചിയിലെ ഉപരോധ സമരത്തിനെതിരേ പരസ്യമായി പ്രതികരിച്ച ജോജുവിന്റെ വസതിയിലേക്ക് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.
മാള കാക്കുളശ്ശേരിയിലുള്ള ജോജുവിന്റെ വസതിയിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ജോജുവിന്റെ വീടിന് ഒരു കിലോമീറ്റര്‍ അകലെവച്ച് മാര്‍ച്ച് പോലിസ് തടഞ്ഞു. അതേത്തുടര്‍ന്നാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ മാള പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
പ്രശ്‌നങ്ങള്‍ക്ക് സാധ്യതയില്ലെന്നുള്ള വിലയിരുത്തലിനെത്തുടര്‍ന്നാണ് സുരക്ഷാ സംവിധാനങ്ങള്‍ പിന്‍വലിച്ചതെന്ന് പോലിസ് അറിയിച്ചു. ഒറ്റ ദിവസത്തെ പ്രതിഷേധം മാത്രമായിരുന്നുവെന്നും ഇനി അതുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും മാള ബ്ലോക്ക് പഞ്ചായത്ത് അംഗവും കൂടിയായ എ എ അഷറഫ് പ്രതികരിച്ചു.