ഹൈഫക്ക് പിന്നാലെ നഹാരിയയെയും പ്രേതനഗരമാക്കി ഹിസ്ബുല്ല; ഇസ്രായേലിന്റെ ഡ്രോണ്‍ വാങ്ങാനും ആളില്ല
ഹൈഫക്ക് പിന്നാലെ പ്രേതനഗരമായി ഇസ്രായേലിലെ നഹാരിയയും. ഹിസ്ബുല്ലയുടെ നിരന്തരമായ ആക്രമണങ്ങള്‍ മൂലം നഹാരിയയിലും ജൂത കുടിയേറ്റക്കാര്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നില്ലെന്ന് ഇസ്രായേലി മാധ്യമമായ 'ക്കാന്‍' റിപോര്‍ട്ട് ചെയ്യുന്നു. പ്രതിദിനം ഏറ്റവും ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും ഹിസ്ബുല്ലയുടെ മിസൈലുകളും ഡ്രോണുകളും ഈ പ്രദേശത്തെ ആക്രമിക്കുന്നുണ്ടെന്നാണ് കുടിയേറ്റക്കാരുടെ പരാതി. ഓരോ ഡ്രോണും മിസൈലും ഏറ്റവും ചുരുങ്ങിയത് 40 മിനുട്ടെങ്കിലും ബങ്കറില്‍ ഒളിക്കാന്‍ കുടിയേറ്റക്കാരെ നിര്‍ബന്ധിതരാക്കുന്നു.
നഹാരിയയിലെ ജൂത കുടിയേറ്റക്കാരനായ ഗിലാദ്, ക്കാന്‍ ന്യൂസിനോട് പറഞ്ഞത് ഇങ്ങനെ ''കഴിഞ്ഞ വര്‍ഷമൊന്നും ഈ പ്രദേശത്ത് മിസൈലുകള്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ ഡ്രോണുകളും മിസൈലുകളും നിരന്തരമായി എത്തുന്നു. ഭയമാണ് ഇപ്പോള്‍ ഈ പ്രദേശത്തെ ഭരിക്കുന്നത്.''
നഹാരിയയിലെ ബിസിനസ് എല്ലാം തകര്‍ന്നെന്നാണ് മറ്റൊരു കുടിയേറ്റക്കാരനായ യോവ് മിന്റ്‌സ് പറയുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ഇപ്പോള്‍ ആരും പുറത്തിറങ്ങുന്നില്ല. അതിനാല്‍, അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് 54 ശതമാനം കുടിയേറ്റക്കാരും അഭിപ്രായപ്പെടുന്നത്. ഇസ്രായേലി സര്‍ക്കാരിന് സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്നാണ് 64 ശതമാനം പേരുടെയും അഭിപ്രായം.
ഒക്ടോബര്‍ ഒന്നിന് ലെബനാനില്‍ ഇസ്രായേല്‍ സൈന്യം അധിനിവേശം തുടങ്ങിയതോടെ ഹൈഫ നഗരത്തെയാണ് ഹിസ്ബുല്ല പ്രധാനമായും ലക്ഷ്യമിട്ടത്. ഹൈഫയിലെ കടകളെല്ലാം പൂട്ടിയതോടെ നഹാരിയയില്‍ നിന്നാണ് കുടിയേറ്റക്കാര്‍ അവശ്യവസ്തുക്കള്‍ സംഘടിപ്പിച്ചിരുന്നത്. ഹൈഫക്ക് നേരെ ആക്രമണം രൂക്ഷമായതോടെ നിരവധി പേര്‍ നഹാരിയയിലേക്ക് താമസം മാറ്റി. ഇതോടെയാണ് നഹാരിയക്ക് മുകളിലും തീ പെയ്യാന്‍ തുടങ്ങിയത്.
ഏകദേശം 10900 കോടി രൂപയുടെ നഷ്ടമാണ് ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ മൂലം വടക്കന്‍ പ്രദേശങ്ങളില്‍ മാത്രം ഇസ്രായേലിനുണ്ടായിരിക്കുന്നത്. 2,585 കെട്ടിടങ്ങളും ആയിരം താല്‍ക്കാലിക കുടിയേറ്റ കെട്ടിടങ്ങളും തകര്‍ന്നതായി ചാനല്‍ 12 റിപോര്‍ട്ട് ചെയ്യുന്നു. മറ്റൊരു കുടിയേറ്റ പ്രദേശമായ കിര്യാത്ത് ഷ്‌മോനയില്‍ 300 വീടുകള്‍ തകര്‍ന്നു. നഹാരിയയില്‍ 190 വീടുകളും തകര്‍ത്തു.
ഹിസ്ബുല്ലയുമായി സമാധാന ചര്‍ച്ച നടത്താതെ ഈ പ്രദേശങ്ങളിലേക്ക് തിരികെ എത്താന്‍ കഴിയില്ലെന്നാണ് 82.5 ശതമാനം ജൂതന്‍മാരും വിശ്വസിക്കുന്നതെന്നാണ് ഇസ്രായേലി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ നാഷണല്‍ സ്ട്രാറ്റജിക് സ്റ്റഡീസ് നടത്തിയ സര്‍വ്വെയുടെ ഫലം പറയുന്നത്. കിഴക്കന്‍ അല്‍ ജലീലിലെയും ഗോലാന്‍ കുന്നുകളിലെയും 80 ശതമാനം കടകളും പൂട്ടിയതായും യെദിയോത്ത് അഹ്രോറോത്തിലെ റിപോര്‍ട്ട് പറയുന്നു. ഈ പ്രദേശങ്ങളിലെ ഏകദേശം 24 ശതമാനം ജൂതകുടിയേറ്റക്കാരും യൂറോപ്പിലെ മാതൃരാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും തിരികെ പോവാനും തീരുമാനിച്ചു.
അതേസമയം, ഇസ്രായേലി കമ്പനിയായ എല്‍ബിത്ത് സിസ്റ്റത്തില്‍ നിന്ന് 16,000 കോടി രൂപക്ക് 47 വാച്ച് കീപ്പര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള തീരുമാനം ബ്രിട്ടീഷ് സര്‍ക്കാര്‍ റദ്ദാക്കി. ഇസ്രായേല്‍ സൈന്യം ഗസയിലും ലെബനാനിലും ഉപയോഗിക്കുന്ന ഹെര്‍മിസ്-450 ഡ്രോണുകളുടെ പകര്‍പ്പാണിത്. യുദ്ധ ശേഷി തെളിയിച്ച ഡ്രോണാണ് ഇതെന്ന് അവകാശപ്പെട്ടാണ് ഇസ്രായേല്‍ ഇത് വില്‍ക്കുന്നത്. എന്നാല്‍, ലെബനാനില്‍ ഇവയെ തകര്‍ക്കുന്ന നിരവധി ദൃശ്യങ്ങള്‍ ഹിസ്ബുല്ല പുറത്തുവിട്ടതോടെ ഇതിന്റെ ഡിമാന്‍ഡ് കുറയുകയായിരുന്നു. കൂടാതെ യുകെയിലെ എലിബിത്ത് കമ്പനിക്ക് മുന്നിലും പ്രതിഷേധം നടക്കുന്നുണ്ട്. 2042 വരെ ഉപയോഗിക്കാന്‍ കഴിയുന്ന യന്ത്ര സംവിധാനമാണ് ഈ ഡ്രോണെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഹിസ്ബുല്ലയെന്ന രാജ്യേതര സൈനിക പ്രസ്ഥാനത്തിന് നിസാരമായി തകര്‍ക്കാന്‍ കഴിയുന്ന സംവിധാനത്തെ ഇപ്പോള്‍ യുകെ സൈന്യത്തിന് വിശ്വാസമില്ല.
തെക്കന്‍ ലെബനാനില്‍ വലിയ നാശമാണ് ഇസ്രായേല്‍ സൈന്യം നേരിടുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഒക്ടോബര്‍ ഒന്നിന് അധിനിവേശം തുടങ്ങിയ ശേഷം 110ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ടു. 1050 പേര്‍ക്ക് പരിക്കേറ്റു. 51 മെര്‍ക്കാവ ടാങ്കുകളും ഒമ്പത് ബുള്‍ഡോസറുകളും ഹിസ്ബുല്ല തകര്‍ത്തു. നവംബര്‍ 12 മുതല്‍ മാത്രം 18 ഇസ്രായേലി സൈനികരാണ് കൊല്ലപ്പെട്ടതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. 32 പേര്‍ക്ക് പരിക്കേറ്റു. വിവിധതരം മിസൈലുകള്‍ ഉപയോഗിച്ച് അഞ്ച് മെര്‍ക്കാവ ടാങ്കുകളും ഒരു സൈനിക ബുള്‍ഡോസറും ഹിസ്ബുല്ല തകര്‍ക്കുകയും ചെയ്തു.
ഖിയാം പ്രദേശം പിടിക്കാന്‍ ആറു ദിവസമായി നടത്തിയ നീക്കം ഇസ്രായേല്‍ സൈന്യം അവസാനിപ്പിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. 50,000 സൈനികരും യുദ്ധവിമാനങ്ങളും ശ്രമിച്ചിട്ടും ഇതുവരെ ഒരു ഗ്രാമം പോലും പിടിച്ചടുക്കാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ല. അല്‍പ്പദൂരം മുന്നോട്ട് പോവാന്‍ അനുവദിച്ച ശേഷം ആക്രമിക്കുന്ന രീതിയാണ് ഹിസ്ബുല്ല സ്വീകരിച്ചിരിക്കുന്നതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന റാബിന്റെ ഉപദേശകനായിരുന്ന കേണല്‍ ജാക്ക് നേരിയ പറയുന്നു. '' ഈ സൈനികതന്ത്രത്തിലൂടെയാണ് എലൈറ്റ് സൈനിക വിഭാഗമായ ഗോലാനികളെ പോലും ഹിസ്ബുല്ല ആക്രമിക്കുന്നത്. 1940കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് സയണിസ്റ്റ് സൈന്യത്തിനുണ്ടാവാന്‍ പോവുന്നത്.'' -കേണല്‍ ജാക്ക് പറയുന്നു.
ഹിസ്ബുല്ലയുടെ സൈനികതന്ത്രം വ്യക്തമാക്കുന്ന ആക്രമണമാണ് നവംബര്‍ 20ന് മര്‍ക്കാബ പ്രദേശത്ത് നടന്നത്. ലെബനാന്‍ അതിര്‍ത്തി കടന്ന് അല്‍പ്പം മുന്നോട്ടെത്തിയ ഇന്‍ഫന്‍ഡറി വിഭാഗത്തെ രാത്രി പത്തോടെ ആന്റി ടാങ്ക് മിസൈല്‍ ഉപയോഗിച്ച് ഹിസ്ബുല്ല ആക്രമിച്ചു. കൊല്ലപ്പെട്ടവരുടെ ശരീരം എടുക്കാന്‍ എത്തിയ സൈനികസംഘത്തെയും ആന്റി ടാങ്ക് മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചു. ഇതോടെ പ്രദേശത്ത് വ്യോമാക്രമണം നടത്തിയ ഇസ്രായേല്‍ സൈന്യം അല്‍പ്പസമയത്തിന് ശേഷം വീണ്ടുമെത്തി. ഇതോടെ ആ സംഘത്തെയും ഹിസ്ബുല്ല ആക്രമിച്ചു. അതോടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും ഉപേക്ഷിച്ച് സൈന്യം പിന്‍മാറി. മൂന്നു ഘട്ടങ്ങളായി നടത്തിയ ഈ പതിയിരുന്നാക്രമണം നഷ്ടങ്ങള്‍ക്കു പുറമെ ഇസ്രായേലി സൈനികരുടെ മാനസിക വീര്യം തകര്‍ത്തതായും റിപോര്‍ട്ടുകള്‍ പറയുന്നു.
Full View