ഫാസിസ്റ്റ് വര്‍ഗീയതയുടെ മറ്റൊരു മുഖം; ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പുകസ
വര്‍ഗീയ ദുഷ്ടലാക്കോടെ ലക്ഷദ്വീപുകാരെ ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള തീരുമാനങ്ങളാണ് സംഘപരിവാറുകാരനായ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്നത്. ഇതിനെതിരേ എഴുത്തുകാരുടെയും, കലാകാരന്മാരുടെയും, സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പ്രതിഷേധം ഉയര്‍ന്നു വരണം
തിരുവനന്തപുരം: കേന്ദ്ര ഭരണകൂടം വേട്ടയാടുന്ന ലക്ഷദ്വീപിലെ ജനങ്ങളോട് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. പ്രഫുല്‍ കെ പട്ടേല്‍ എന്ന സംഘപരിവാറുകാരനായ അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപിലെ മനുഷ്യരുടെ സമാധാന ജീവിതം തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വര്‍ഗീയ അജണ്ടകളുള്ള തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതുവഴി ലക്ഷദ്വീപ് ജനതയുടെ ഐക്യവും സാഹോദര്യവും, സാമൂഹ്യജീവിതത്തിലെ പുരോഗതിയും ഇല്ലാതാക്കാനാണ് സംഘപരിവാര ഭരണാധികാരി ശ്രമിക്കുന്നത്.
വര്‍ഗീയ ദുഷ്ടലാക്കോടെ ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള തീരുമാനങ്ങളാണ് അവിടെ വന്നു കൊണ്ടിരിക്കുന്നത്. ലക്ഷദ്വീപിലെ മനുഷ്യരുടെ ജീവിതരീതികളെയും കാലങ്ങളായി തുടരുന്ന ഭക്ഷണശീലങ്ങളെയും മാറ്റാന്‍ ശ്രമിക്കുന്നു. ജനാധിപത്യ ഇടങ്ങളെ ഇല്ലാതാക്കുന്നു. വാര്‍ത്താ പോര്‍ട്ടലുകള്‍ നിരോധിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള സാധാരണ മനുഷ്യരുടെ വരുമാന മാര്‍ഗങ്ങള്‍ അടച്ചു പൂട്ടുന്നു. തൊഴിലും വരുമാനവും നിഷേധിക്കുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ദ്വീപില്‍ താവളം നല്‍കാനുള്ള ഗൂഡ ലക്ഷ്യം ഇതിനുണ്ട്. സമാധാന ജീവിതത്തിന് ലോകത്തില്‍ പേരുകേട്ട ലക്ഷദ്വീപിലെ മനുഷ്യ സമൂഹത്തെയാണ് കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെ അഡ്മിനിസ്‌ട്രേറ്റര്‍ വേട്ടയാടുന്നത്. രാജ്യത്ത് സംഘപരിവാരം മുന്നോട്ടു വെക്കുന്ന ഫാസിസ്റ്റ് വര്‍ഗീയതയുടെ മറ്റൊരു മുഖമാണ് ലക്ഷദ്വീപില്‍ കാണുന്നത്.
ലക്ഷദ്വീപില്‍ കേന്ദ്രത്തിന്റെ പിന്തുണയോടെ സംഘപരിവാര ഹിന്ദുത്വ വര്‍ഗീയ രാഷട്രീയത്തിന്റെ പരീക്ഷണശാലയായി മാറ്റുന്നതിനെതിരേ എഴുത്തുകാരുടെയും, കലാകാരന്മാരുടെയും, സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് പുകസ സംസ്ഥാന കമ്മിററി വാര്‍ത്താക്കുറുപ്പില്‍ അഭ്യര്‍ഥിച്ചു.