പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; കര്‍ഷക സംഘടനകള്‍ക്കിടയില്‍ സീറ്റ് വിഭജന തര്‍ക്കം; സമവായത്തിലെത്തിയില്ല
ഛണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെുപ്പില്‍ സഖ്യം രൂപീകരിച്ച് മല്‍സരിക്കുന്ന കര്‍ഷക സംഘടനകള്‍ക്കിടയില്‍ സീറ്റ് വിഭജന തര്‍ക്കം രൂക്ഷമായി. ഗുരുനാം സിങ് ഛദുനിയുടെ സംയുക്ത സംഘര്‍ഷ് പാര്‍ട്ടിയും(എസ്എസ്പി) ബല്‍ബീര്‍ സിങ് രജേവാളിന്റെ സംയുക്ത സമാജ് മോര്‍ച്ച(എസ്എസ്എം)യും തമ്മിലാണ് തര്‍ക്കം നടക്കുന്നത്. ഛദുനിയുടെ സംഘടന 25 സീറ്റാണ് ആവശ്യപ്പെട്ടതെങ്കിലും എസ്എസ്എം ഒമ്പത് സീറ്റ് മാത്രമേ നല്‍കാന്‍ തയ്യാറുള്ളൂ. അതാകട്ടെ എസ്എസ്പിയും മറ്റ് കര്‍ഷകസംഘടനകളും വീതംവച്ചെടുക്കുകയും വേണം.
'അവര്‍ ഞങ്ങള്‍ക്ക് ഒമ്പത് സീറ്റുകള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 25 സീറ്റെങ്കിലും തരണമെന്ന് ഞാന്‍ രാജേവാളിനോട് ആവശ്യപ്പെട്ടു. അവര്‍ ഞങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും'- ഛദുനി പറഞ്ഞു.
എസ്എസ്എം നേരത്തെ സീറ്റ് ചര്‍ച്ചയ്ക്കുവേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ജനുവരി 9ാം തിയ്യതി എസ്എസ്എമ്മുമായി ചര്‍ച്ചയും നടന്നു. പക്ഷേ, സമവായത്തിലെത്താനായില്ല.
ഹരിയാന ഭാരതീയ കിസാന്‍ യൂനിയന്റെ നേതാവാണ് ഛദുനി.
25 സീറ്റ് ആവശ്യപ്പെട്ട ഞങ്ങള്‍ക്ക് അഞ്ച് സീറ്റ് നല്‍കുമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീടത് 9 ആയി വര്‍ധിപ്പിച്ചു. പക്ഷേ, എസ്എസ്പിയില്‍ അംഗങ്ങളായ വിവിധ സംഘടനകള്‍ക്ക് കൊടുക്കാന്‍ ഇത് മതിയാവില്ല- പുറത്തുവന്ന ഒരു വീഡിയോ സന്ദേശത്തില്‍ ഛദുനി പറയുന്നു.
സഞ്ജ സുനെഹ്‌റ പഞ്ചാബ്, പഞ്ചാബ് കിസാന്‍ ദള്‍, യുണൈറ്റഡ് റിപബ്ലിക് പാര്‍ട്ടി, ടാക്‌സി യൂണിയന്‍ പഞ്ചാബ്, ഭാരതി റിപബ്ലിക് പാര്‍ട്ടി എന്നീ സംഘടനകള്‍ അടങ്ങുന്ന മുന്നണിയാണ് സംയുക്ത സംഘര്‍ഷ് പാര്‍ട്ടി.