ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി ചണ്ഡീഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം മുഖ്യമന്ത്രി, പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പാകിസ്താനിലെ സിഖ് ഗുരുദ്വാരയിലേക്കുള്ള കര്‍താര്‍പൂര്‍ കോറിഡോര്‍ തുറക്കുന്നതും ചര്‍ച്ചയുടെ ഭാഗമാവും.
വിളവ് സംഭരിക്കുന്നതുമായി ബന്ധപ്പെട്ട കണ്‍സ്യൂമര്‍ അഫയേഴ്‌സ് വകുപ്പിന്റെ ഉത്തരവില്‍ ഇടപെടണമെന്ന് ചന്നി പ്രധാനമന്ത്രിയോട് കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. ധാന്യസംഭരണം ഒക്ടോബര്‍ പതിനൊന്ന് എന്നത് ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റണമെന്നാണ് പഞ്ചാബിന്റെ ആവശ്യം.
കര്‍ഷക സമയം രാജ്യത്തെ ഏറ്റവും പ്രധാന പ്രശ്‌നമാണെന്നും സംസ്ഥാനത്തെ മറ്റൊരു ജമ്മു കശ്മീരാക്കരുതെന്നും ചന്നി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
പഞ്ചാബ് കോണ്‍ഗ്രസ്സില്‍ നടന്നുകൊണ്ടിരിക്കുന്ന ചില ആഭ്യന്തര പ്രശ്‌നങ്ങളുടെ ഭാഗമായാണ് ചന്നി മുഖ്യമന്ത്രി പദത്തിലെത്തിയത്.