പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപര്‍; പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി
ചിന്ത പത്രാധിപരായി തോമസ് ഐസകിനെ നിശ്ചയിച്ചു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗം പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാവും. സിപിഎം സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ രണ്ടാം ഊഴമാണ് പി ശശിയുടേത്. നേരത്തെ ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പി ശശി സേവനം ആനുഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്കും നിയോഗിക്കപ്പെട്ടിട്ടുണ്ട്. മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസകിനെ ചിന്തയുടെ പത്രാധിപരാക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു.
വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് പി ശശി അധികാര കേന്ദ്രങ്ങളിലേക്ക് കടന്നുവരുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശി സദാചാര ലംഘന ആരോപണങ്ങളെത്തുടര്‍ന്ന് 2011ല്‍ പാര്‍ട്ടിക്ക് പുറത്തായതോടെയാണ് നേതൃത്വത്തില്‍ നിന്നും വിട്ട് നിന്നത്. പിന്നീട്, ലൈംഗിക പീഡന കേസില്‍ 2016ല്‍ കോടതി കുറ്റവിമുക്തനാക്കുകയും 2018 ജൂലൈയില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയും ചെയ്യുകയായിരുന്നു. 2019 മാര്‍ച്ചില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയ പി ശശി സിപിഎം കണ്ണൂര്‍ ഘടകത്തിലെ ശക്തനായ നേതാക്കളില്‍ ഒരാളായിരുന്നു. എസ് രാമചന്ദ്രന്‍ പിള്ളയ്ക്കാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെയും, ഇഎംഎസ് അക്കാദമിയുടെയും ചുമതല. ഇ പി ജയരാജനെ എല്‍ഡി എഫ് കണ്‍വീനറാക്കാനുള്ള തീരുമാനത്തിനും സിപിഎം സംസ്ഥാന സമിതി യോഗം അംഗീകാരം നല്‍കി.