പി വി അന്‍വര്‍ എംഎല്‍എക്ക് ആഫ്രിക്കയിലെ ബിസ്സിനസ് എന്താണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ ആഫിക്കയില്‍ നടത്തുന്ന ബിസിനസ് എന്താണെന്ന് സിപിഎം നേത്യത്വം പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്. സുപ്രധാനമായ നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ നിലമ്പൂരിലെ ജനകീയ പ്രശ്‌നങ്ങളില്‍ ഒന്നില്‍പോലും ഇടപെടാതെ കഴിഞ്ഞ 42 ദിവസത്തിലധികമായി പി.വി അന്‍വര്‍ എംഎല്‍എ നാട്ടിലില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. നിലമ്പൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരേ ആഞ്ഞടിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കിലും ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച രേഖയിലും 2017-18 സാമ്പത്തികവര്‍ഷം 40,59,083 രൂപ വരുമാന നഷ്ടം കാണിച്ച അന്‍വറിന് ആഫ്രിക്കയില്‍ വന്‍കുത ചെലവഴിച്ച് ബിസിനസ്സ് ചെയ്യാന്‍ കഴിയുന്നു. 59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പേരില്‍ പോലും ഭൂമികച്ചവടം നടത്തിയ മനുഷ്യത്വമില്ലാത്ത കച്ചവടക്കാരനാണ് പി.വി അന്‍വര്‍. പ്രളയദുരിത ബാധിതര്‍ക്ക് സുമനസ്സുകള്‍ സൗജന്യമായി നല്‍കിയ സ്ഥലം സര്‍ക്കാരിനെകൊണ്ട് ഏറ്റെടുപ്പിക്കാന്‍ എം.എല്‍.എ സമ്മര്‍ദ്ദം ചെലുത്തിയെന്ന് തുറന്നുപറഞ്ഞത് മലപ്പുറം കളക്ടറാണ്. പ്രളയ പുനരധിവാസത്തിനു വേണ്ടി റീബില്‍ഡ് നിലമ്പൂരെന്ന പേരില്‍ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ പിരിച്ചെടുത്തിട്ടു നയാപൈസപോലും ചെലവഴിക്കാത്ത തട്ടിപ്പുകാരനാണ് എംഎല്‍എ- യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ജൂഡി തോമസ് (യൂത്ത് കോണ്‍ഗ്രസ് മുന്‍ വഴിക്കടവ് മണ്ഡലം പ്രസിഡന്റ് ) മുര്‍ഖന്‍ ഷംസുദ്ദീന്‍ എന്ന മാനു (യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ്), റിഫാന്‍ വഴിക്കടവ് (യൂത്ത് കോണ്‍ഗ്രസ് വഴിക്കടവ് മണ്ഡലം പ്രസിഡന്റ്) കെ പി അമീര്‍ ( അമരമ്പലം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.