പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിക്കാനുള്ള ഓംബുഡ്‌സ്മാന്‍ ഉത്തരവ് രണ്ടാം തവണയും നടപ്പാക്കിയില്ല

Update: 2022-01-24 17:33 GMT

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍പ്പെട്ട ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണക്ക് കുറുകെ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ ഉത്തരവ് രണ്ടാം തവണയും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നടപ്പാക്കിയില്ല. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9ന് ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗില്‍ ഫയല്‍ നമ്പര്‍ എ 26421/21 പ്രകാരം വിവിധ ഡിപാര്‍ട്ട്‌മെന്റുകളുടെ സേവനം ആവശ്യപ്പെടാന്‍ തീരുമാനിച്ചതായി മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഡിസംബര്‍ 3ന് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ ഡിസംബര്‍ 25ന് മുന്നേ പൊളിച്ചുനീക്കാനുള്ള തീരുമാനമെടുത്തിരുന്നു.

റസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ നിര്‍മ്മിക്കപ്പെട്ട റോപ് വെ അടക്കമുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്യണമെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് നവംബര്‍ 30ന് ഓംബുഡ്‌സമാന്‍ നല്‍കിയ ഉത്തരവാണ് നടപ്പാക്കാഞ്ഞത്. നിലമ്പൂര്‍ സ്വദേശി എം.പി വിനോദിന്റെ പരാതിയിലായിരുന്നു നടപടി. 

നേരത്തെ കഴിഞ്ഞ നവംബര്‍ 30തിനകം റോപ് വെയും അനധികൃത നിര്‍മാണങ്ങളും പൊളിക്കാന്‍ സെപ്തംബര്‍ 22ന് ഉത്തരവ് നല്‍കിയിരുന്നെങ്കിലും ആ ഉത്തരവും നടപ്പാക്കിയിരുന്നില്ല. ഓംബുഡ്‌സ്മാന്‍ ഉത്തരവ് കിട്ടാന്‍ വൈകിയെന്നും എം.എല്‍.എയുടെ ഭാര്യാപിതാവിനെ നോട്ടീസ് അയച്ചിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമുള്ള വാദം ഉയര്‍ത്തിയാണ് അന്ന് ഉത്തരവ് നടപ്പാക്കാതിരുന്നത്. ഇതോടെ ഭരണസംവിധാനത്തിന്റെ പിഴവും കാലതാമസവും ആവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് അനധികൃത നിര്‍മാണം പൊളിച്ചുനീക്കി അക്കാര്യം ജനുവരി 25ന് റിപോര്‍ട്ട് ചെയ്യാന്‍ ഓംബുഡ്‌സ്മാന്‍ രണ്ടാമതും ഉത്തരവ് നല്‍കിയത്. വീഴ്ചവരുത്തിയാല്‍ സെക്രട്ടറിക്ക് പിഴശിക്ഷ ചുമത്തുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും റോപ് വെയും അനധികൃത നിര്‍മ്മാണങ്ങളും പഞ്ചായത്ത് പൊളിച്ച് നീക്കിയിട്ടില്ല.

അതേസമയം റോപ് വെ പൊളിക്കാന്‍ 1,48,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി ഇ.ആര്‍ ഓമന അമ്മാളുവിന്റെ വിശദീകരണം. 

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നും റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാന്‍ പെര്‍മിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വേ നിര്‍മിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മെയ് 18ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് വിനോദ് പരാതി നല്‍കിയെങ്കിലും റോപ് വേ പൊളിച്ചുനീക്കാന്‍ നടപടിയുണ്ടായില്ല.റോപ് വെ പണിയാന്‍ നിയമവിരുദ്ധമായി സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല.ഇതോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാനെ സമീപിച്ചത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കോഴിക്കോട് കളക്ടര്‍ അടച്ചുപൂട്ടിയ പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടര്‍തീം പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് പണിത റോപ് വെയും. കേസ് ജനുവരി 25ാം തിയ്യതി ഓംബുഡ്‌സ്മാന്‍ പരിഗണിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം.  

Tags:    

Similar News