ദോഹ: പറന്നുയര്‍ന്നുകഴിഞ്ഞാല്‍, ഇനി റേഞ്ചില്ലെന്നും നെറ്റ്‌വര്‍ക് കട്ടാകുമെന്നുമുള്ള ആധിയൊന്നും ഖത്തര്‍ എയര്‍വേസ് യാത്രക്കാര്‍ക്കു വേണ്ടതില്ല. ഭൂമിയിലെന്നപോലെ ആകാശത്തും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈ ഫൈ സേവനം ലഭ്യമാക്കുന്നതിന് സ്റ്റാര്‍ ലിങ്കുമായി കൈകോര്‍ത്ത് ഖത്തര്‍ എയര്‍വേസ്.
പുതിയ വൈ ഫൈ സാങ്കേതികവിദ്യകള്‍ കൊണ്ടുവരുന്നതിനായി സ്‌പേസ്എക്‌സ്, സ്റ്റാര്‍ലിങ്ക് എന്നിവയുമായി സഹകരിക്കുന്ന മിന (മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക) മേഖലയിലെ ആദ്യ മുന്‍നിര എയര്‍ലൈനായി ഖത്തര്‍ എയര്‍വേസ് മാറിയെന്ന് കമ്പനി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. സൗജന്യ വൈ ഫൈ സേവനം ആകാശത്തും അതിരുകളില്ലാത്ത വിനോദവും ഇന്റര്‍നെറ്റ് ഉപയോഗവുമെല്ലാമാണ് യാത്രക്കാര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്.
ഈ വര്‍ഷം അവസാനത്തോടെ ഖത്തര്‍ എര്‍വേസിന്റെ മൂന്ന് ബോയിങ് 777300 വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്കിന്റെ ഗെയിംചേഞ്ചിങ്, അള്‍ട്രാ ഹൈ സ്പീഡ്, ലോലേറ്റന്‍സി വൈ ഫൈ സേവനം സ്ഥാപിക്കുമെന്ന് വിമാന കമ്പനി അറിയിച്ചു. സ്റ്റാര്‍ലിങ്കിന്റെ ഈ വൈ ഫൈ സേവനം ഉപയോഗിച്ച് നവീകരിക്കുന്ന ഖത്തര്‍ എയര്‍വേസ് വിമാനങ്ങളിലെ ആദ്യ വിമാനങ്ങളും ഇവയായിരിക്കും.
ഉപഭോക്താക്കളുടെ യാത്രാനുഭവം ഏറ്റവും മികച്ചതാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സ്റ്റാര്‍ലിങ്കുമായുള്ള സഹകരണമെന്ന് ഖത്തര്‍ എയര്‍വേസ് ഗ്രൂപ് സിഇഒ എന്‍ജി. ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. സ്റ്റാര്‍ലിങ്ക് വൈ ഫൈ സേവനം സ്ഥാപിക്കുന്നതോടെ യാത്രക്കാര്‍ക്ക് സെക്കന്‍ഡില്‍ 500 മെഗാബൈറ്റ് വേഗത്തില്‍ വരെയുള്ള സൗജന്യ അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ആസ്വദിക്കാനാകും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഖത്തര്‍ എയര്‍വേസിന്റെ ഏറ്റവും പുതിയ വിമാനങ്ങളിലെല്ലാം നവീകരണം വ്യാപിപ്പിക്കുന്നതിന്റെ തുടക്കമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.