ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തറിന്റെ ആദരം; ഒരു ലക്ഷം പേര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സിന്റെ സൗജന്യ ടിക്കറ്റുകള്‍
ലോകത്തെ എല്ലാ രാജ്യത്തുമുള്ള ആരോഗ്യപ്രവര്‍ത്തകരും സൗജന്യ ടിക്കറ്റിന് അര്‍ഹരാണ്. അപേക്ഷാപ്രക്രിയ സുതാര്യവും നീതിപൂര്‍വവും ആക്കുന്നതിന് ഒരോ രാജ്യത്തും ജനസംഖ്യ അനുസരിച്ച് ദിവസം നിശ്ചിത ടിക്കറ്റുകള്‍ നീക്കിവയ്ക്കും.
ദോഹ: കൊറോണക്കെതിരേ സ്വന്തം ജീവന്‍ പണയംവച്ച് പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സിന്റെ ആദരം. ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് പ്രഖ്യാപിച്ചു.
നാളെ രാത്രി 12.01 മുതല്‍ ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ മെയ് 18ന് രാത്രി(ഖത്തര്‍ സമയം) 11.59ന് അവസാനിക്കും. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് qatarairways.com/ThankYouHeroes എന്ന വെബ്‌പേജില്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍ഗണനാ ക്രമപ്രകാരം പ്രൊമോഷന്‍ കോഡ് ലഭിക്കും.
ലോകത്തെ എല്ലാ രാജ്യത്തുമുള്ള ആരോഗ്യപ്രവര്‍ത്തകരും സൗജന്യ ടിക്കറ്റിന് അര്‍ഹരാണ്. അപേക്ഷാപ്രക്രിയ സുതാര്യവും നീതിപൂര്‍വവും ആക്കുന്നതിന് ഒരോ രാജ്യത്തും ജനസംഖ്യ അനുസരിച്ച് ദിവസം നിശ്ചിത ടിക്കറ്റുകള്‍ നീക്കിവയ്ക്കും. ദിവസവും രാത്രി 12.01 അതത് ദിവസത്തെ ടിക്കറ്റ് അലോക്കേഷന്‍ പുറത്തുവിടും.
പ്രമോഷന്‍ കോഡ് ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്ന ലോകത്തെ ഏത് നഗരത്തിലേക്കും രണ്ട് എക്കോണമി ക്ലാസ് റിട്ടേണ്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഒന്ന് സ്വന്തവും മറ്റൊന്ന് സഹയാത്രികനും. നവംബര്‍ 26ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം. 2020 ഡിസംബര്‍ 10വരെയുള്ള യാത്രയ്ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. യാത്ര ചെയ്യേണ്ട സ്ഥലമോ തിയ്യതിയോ പ്രത്യേക ഫീസ് ഇല്ലാതെ എത്ര തവണ വേണമെങ്കിലും മാറ്റാവുന്നതാണ്.