പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി ഖത്തര്‍

Update: 2021-08-25 13:16 GMT

ദോഹ: പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ഫൈസര്‍ , മൊഡേണ വാക്‌സിനുകളുടെ മൂന്നാം ഡോസിനാണ് അംഗീകാരം നല്‍കിയത്. ഗുരുതരമായി പ്രതിരോധശേഷി കുറവുള്ള വ്യക്തികള്‍ക്കും കോവിഡ് 19 അണുബാധ ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമായേക്കാവുന്നവര്‍ക്കും മാത്രമേ മൂന്നാമത്തെ ഡോസ് നല്‍കുകയുള്ളൂ. മൂന്നാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ള വ്യക്തികളെ ഡോസ് സ്വീകരിക്കുന്ന തീയതി സംബന്ധിച്ച് പ്രാഥമിക ആരോഗ്യ പരിപാലന കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) അല്ലെങ്കില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ അവരുടെ ചികിത്സയുടെ മേല്‍നോട്ടം വഹിക്കുന്ന സ്‌പെഷ്യലൈസ്ഡ് കെയര്‍ ടീം അംഗങ്ങള്‍ നേരിട്ട് ബന്ധപ്പെടുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എന്നിവയുടെ അംഗീകാരവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഗവേഷണഫലങ്ങളുമനുസരിച്ചാണ് മന്ത്രാലയത്തിന്റെ അനുമതി. രോഗ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഗുരുതരമായതും നീണ്ടുനില്‍ക്കുന്നതുമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായേക്കും. സാധാരണ രോഗ പ്രതിരോധ ശേഷിയുളളവരെപ്പോലെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷവും രോഗ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങള്‍ക്ക്് വൈറസിനെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ സാധിച്ചേക്കില്ല. ഇത്തരം വിഭാഗങ്ങള്‍ക്ക് കൊവിഡ് 19 വൈറസിനെതിരെ മതിയായ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് അധിക ഡോസ് വാക്‌സിന്‍ നല്‍കുന്നത്.


Tags:    

Similar News