ദോഹ: അഫ്ഗാനിസ്ഥാനിലെ ആക്രമണം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിന് തയ്യാറാകാനും ഖത്തര്‍ താലിബാനോട് ആവശ്യപ്പെട്ടു. താലിബാന്‍ ഉന്നത പ്രതിനിധിയുമായി ശനിയാഴ്ച ദോഹയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ആവശ്യമുന്നയിച്ചത്. ഗള്‍ഫ് രാജ്യം ആതിഥേയത്വം വഹിക്കുന്ന സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനു വേണ്ടിയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ഥാനി താലിബാന്‍ രാഷ്ട്രീയ ബ്യൂറോയുടെ തലവന്‍ മുല്ല അബ്ദുല്‍ ഗനി ബരാദറുമായി കൂടിക്കാഴ്ച്ച നടത്തിയത്.
അമേരിക്ക, ചൈന, പാകിസ്ഥാന്‍, ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വ്യാഴാഴ്ച ദോഹയില്‍ താലിബാന്‍ പ്രതിനിധികളുമായും അഫ്ഗാന്‍ സര്‍ക്കാര്‍ വക്താക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. സൈനിക ബലപ്രയോഗത്തിലൂടെ അടിച്ചേല്‍പ്പിക്കുന്ന അഫ്ഗാനിസ്ഥാനിലെ ഒരു ഭരണകൂടത്തെയും അംഗീകരിക്കില്ലെന്ന് ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ താലിബാന്‍ പ്രതിനിധികളെ അറിയിച്ചിരുന്നു.