ചോദ്യപേപ്പര്‍ ചോര്‍ച്ച: അസമില്‍ പോലിസ് സൂപ്രണ്ട് അറസ്റ്റില്‍

Update: 2020-10-16 03:51 GMT

ഗുവാഹത്തി: ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അസമില്‍ പോലിസ് സൂപ്രണ്ട് അറസ്റ്റില്‍. ബാര്‍പേട്ട ഫോറിനേഴ്‌സ് റീജിനല്‍ രജിസ്‌ട്രേഷന്‍ ഓഫിസില്‍ എസ് പിയായ കുമാര്‍ സഞ്ജിത്ത് കൃഷ്ണയെയാണ് സംസ്ഥാന സിഐഡി വിഭാഗം വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്.

വെളളിയാഴ്ച കൃഷ്ണയെ കോടതിയില്‍ ഹാജരാക്കും.

അസം ചീഫ് സെക്രട്ടറി കുമാര്‍ സഞ്ജയ് കൃഷ്ണയുടെ സഹോദരനാണ് അറസ്റ്റിലായ കൃഷ്ണ.

ആറ് മാസത്തിനുളളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമില്‍ ഏറ്റവും വിവാദമായ കേസുകളിലൊന്നാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച. ഈ കേസില്‍ അറസ്റ്റിലാവുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. 

കരിംഗഞ്ജ് ജില്ലയില്‍ കൃഷ്ണ, എസ് പിയായിരിക്കെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചാണ് ചോദ്യപേപ്പര്‍ മറ്റ് പ്രതികള്‍ക്ക് കൈമാറിയതെന്നാണ് വിവരം. കേസില്‍ ഉള്‍പ്പെട്ട ചില പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു കഴിഞ്ഞു.

ഈ അടുത്താണ് കൃഷ്ണ കരിംഗഞ്ജ് ജില്ലയില്‍ നിന്ന് ബാര്‍പേട്ടയിലേക്ക് സ്ഥലം മാറിവന്നത്. 

Tags:    

Similar News