പാലക്കാട്ടെ പെണ്‍കുട്ടികളുടെ മരണം: മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സി പി എ ലത്തീഫ്
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവത്തില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. മരണപ്പെട്ട കുട്ടികളുടെ വസതി സന്ദര്‍ശിച്ച് ഉറ്റവരെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ കുടുംബങ്ങളാണ് നാലുപേരുടെയും. ഇര്‍ഫാനാ ഷെറിന്റെ പിതാവ് അബ്ദുല്‍ സലാമിന് ലോഡിങ് ജോലിയാണ്. റിദ ഫാത്തിമയുടെ പിതാവ് അബ്ദുര്‍ റഫീഖ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. നിദ ഫാത്തിമയുടെ പിതാവ് അബ്ദുല്‍സലീമിന് മരപ്പണിയാണ്. ആയിഷയുടെ പിതാവ് ഷറഫുദ്ദീന് ചെറുളിയില്‍ത്തന്നെ പലചരക്കു കച്ചവടമാണ്.
കുരുന്നു മക്കളുടെ വേര്‍പാടില്‍ വ്യസനിക്കുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ മനുഷ്യത്വം കാണിക്കണം. കൂടാതെ റോഡിന്റെ അശാസ്ത്രീയ നിര്‍മാണങ്ങളും അറ്റകുറ്റപ്പണികള്‍ യഥാസമയം പൂര്‍ത്തിയാക്കാത്തതും സംസ്ഥാനത്തെ പൊരുനിരത്തുകള്‍ മരണക്കെണിയാകുന്നതിന് പ്രധാന കാരണമാണ്. അപകടകരമായ െ്രെഡവിങ്ങിനൊപ്പം അധികൃതരുടെ അനാസ്ഥയും ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം, ജില്ലാ ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസിങ് ബഷീര്‍ കൊമ്പം, കോങ്ങാട് മണ്ഡലം പ്രസിഡന്റ് ബാദുഷ, മണ്ഡലം സെക്രട്ടറി ഷെമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.