റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവും; സംയുക്ത പരിശോധനക്ക് എംവിഡിയും പോലിസും
തിരുവനന്തപുരം: വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമലംഘനങ്ങള്‍ തടയാന്‍ റോഡില്‍ സംയുക്ത പരിശോധന നടത്താന്‍ പോലിസും മോട്ടോര്‍ വാഹനവകുപ്പും തീരുമാനിച്ചു. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായ െ്രെഡവിങ്, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി.
സ്ഥിരം അപകട മേഖലകളില്‍ പൊലീസും എംവിഡിയും ചേര്‍ന്ന് പരിശോധന നടത്തും. കാല്‍നട യാത്രക്കാര്‍ക്കും വലിയ പരിഗണന നല്‍കാനും യോഗത്തില്‍ തീരുമാനമായി. എഐ ക്യാമറ ഇല്ലാത്ത റോഡുകളില്‍ ഉടന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ട്രാഫിക് ഐജിക്കും യോഗം നിര്‍ദേശം നല്‍കി.