ഇന്‍ഡോറില്‍ പോവുമ്പോള്‍ സൂക്ഷിക്കുക; ഭിക്ഷ നല്‍കിയാല്‍ പോലിസ് കേസെടുക്കും

യാചക വിമുക്ത പദ്ധതിയുടെ ഭാഗമായി നടത്തിയ അന്വേഷണങ്ങള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും നല്‍കിയെന്ന് പ്രൊജക്ട് മാനേജരായ ദിനേശ് മിശ്ര പറയുന്നു.

Update: 2024-12-16 12:51 GMT

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറിനെ യാചക വിമുക്തമാക്കാന്‍ കടുത്ത നടപടികളുമായി ജില്ലാ ഭരണകൂടം. അടുത്തവര്‍ഷം മുതല്‍ യാചകര്‍ക്ക് ഭിക്ഷ നല്‍കുന്നുവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു. ജില്ലയില്‍ ഭിക്ഷാടനം നിരോധിച്ചിട്ടുള്ളതായി കലക്ടര്‍ ആശിഷ് സിങ് പറഞ്ഞു. ഭിക്ഷാടനത്തിന് എതിരായ ബോധവല്‍ക്കരണം ഈ മാസം അവസാനം വരെ തുടരും. അതിന് ശേഷം ഭിക്ഷ നല്‍കുന്നവര്‍ക്കെതിരേയും കേസെടുക്കും. ഭിക്ഷ നല്‍കുന്നത് പോലുള്ള പാപങ്ങളില്‍ നിന്ന് നഗരവാസികള്‍ വിട്ടുനില്‍ക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

യാചകരെ പുനരധിവസിപ്പിക്കുന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് ഇന്‍ഡോറില്‍ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രനിര്‍ദേശ പ്രകാരം ഡല്‍ഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്‍ഡോര്‍, ലഖ്‌നോ, മുംബൈ, പാറ്റ്‌ന, അഹമദാബാദ് എന്നീ നഗരങ്ങളെയാണ് കേന്ദ്രം പൈലറ്റ് പദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നത്.

യാചക വിമുക്ത പദ്ധതിയുടെ ഭാഗമായി നടത്തിയ അന്വേഷണങ്ങള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും നല്‍കിയെന്ന് പ്രൊജക്ട് മാനേജരായ ദിനേശ് മിശ്ര പറയുന്നു. ചില യാചകര്‍ ഇരുനില വീടുള്ളവരാണ്. ചിലരുടെ മക്കള്‍ ബാങ്കില്‍ ജോലിയെടുക്കുന്നു. ഒരു യാചകന്റെ കൈയ്യില്‍ 29,000 രൂപ കണ്ടു. മറ്റൊരാള്‍ പണം പലിശയ്ക്ക് കടം കൊടുക്കുന്ന ബിസിനസ് നടത്തുന്നു. രാജസ്ഥാനില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന ഭിക്ഷയെടുപ്പിക്കുന്ന സംഘത്തെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. പിടികൂടുന്ന യാചകര്‍ക്ക് ആറുമാസം താമസ സൗകര്യവും ഭക്ഷണവും സൗജന്യമായി നല്‍കാന്‍ ചില സന്നദ്ധ സംഘടനകള്‍ തയ്യാറാണെന്ന് സാമൂഹികക്ഷേമ മന്ത്രി നാരായണ്‍ സിങ് കുശ്‌വാഹ പറഞ്ഞു. ഈ ആറുമാസത്തില്‍ അവര്‍ക്ക് തൊഴില്‍ പരിശീലനവും നല്‍കും.

Similar News