അല്‍ ഉമ്മ സ്ഥാപകനും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ ഒന്നാം പ്രതിയുമായ എസ് എ ബാഷ അന്തരിച്ചു

ചൊവ്വാഴ്ച്ച വൈകീട്ട് ഉക്കടം സൗത്തില്‍ നിന്ന് വിലാപയാത്രയായി മൃതദേഹം ഹൈദര്‍ അലി ടിപ്പുസുല്‍ത്താന്‍ സുന്നത്ത് ജമാഅത്ത് പള്ളിയിലേക്ക് കൊണ്ടുപോവും.

Update: 2024-12-16 15:36 GMT

കോയമ്പത്തൂര്‍: അല്‍ ഉമ്മ സംഘടനയുടെ സ്ഥാപകനും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ ഒന്നാം പ്രതിയുമായ എസ് എ ബാഷ (83) അന്തരിച്ചു. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബാഷ മൂന്നുമാസം മുമ്പ് പരോളില്‍ ഇറങ്ങിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ പിഎസ്ജി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൃതദേഹം ഉക്കടം റോസ് ഗാര്‍ഡനിലെ മകന്റെ വസതിയിലേക്ക് കൊണ്ടുവന്നു.

ചൊവ്വാഴ്ച്ച വൈകീട്ട് ഉക്കടം സൗത്തില്‍ നിന്ന് വിലാപയാത്രയായി മൃതദേഹം ഹൈദര്‍ അലി ടിപ്പുസുല്‍ത്താന്‍ സുന്നത്ത് ജമാഅത്ത് പള്ളിയിലേക്ക് കൊണ്ടുപോവും. രണ്ടായിരം പോലിസുകാരെയാണ് പരിപാടിക്ക് കാവല്‍ നില്‍ക്കാന്‍ സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്. പോലിസുകാരുടെ അവധികള്‍ റദ്ദാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

1998 ഫെബ്രുവരി 14ന് വൈകിട്ട് നടന്ന സ്‌ഫോടന പരമ്പരയില്‍ അല്‍ ഉമ്മ സംഘടനയ്ക്ക് പങ്കുള്ളതായി കോടതികള്‍ കണ്ടെത്തിയിരുന്നു.ബിജെപി നേതാവ് എല്‍ കെ അദ്വാനി പ്രദേശത്ത് തിരഞ്ഞെടുപ്പ് കാംപയിന് എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു സ്‌ഫോടനപരമ്പര. കേസില്‍ പ്രതിചേര്‍ത്തതു മുതല്‍ ദീര്‍ഘകാലമായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ബാഷയ്ക്ക് പ്രായാധിക്യവും അസുഖവും കാരണമാണ് ഈ വര്‍ഷം ഏപ്രില്‍ 18ന് താല്‍ക്കാലികമായി പരോള്‍ നല്‍കിയത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ തന്നെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടേണ്ടി വന്നതിനാല്‍ പരോള്‍ നീട്ടി നല്‍കി.

1998ല്‍ കോയമ്പത്തൂരില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു. 231 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1999ല്‍ തമിഴ്‌നാട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘമാണ് ബാഷക്കെതിരേ കുറ്റപത്രം നല്‍കിയത്. സ്‌ഫോടനം നടത്താന്‍ വേണ്ട 650 കിലോഗ്രാം ജെലാറ്റിനും മറ്റും മൈസൂരുവില്‍ നിന്ന് എത്തിച്ച് നല്‍കിയത് ബാഷയാണെന്നും പോലിസ് ആരോപിച്ചു. കേസില്‍ ബാഷക്കും അല്‍ ഉമ്മയിലെ ഏതാനും പേര്‍ക്കുമാണ് വിചാരണക്കോടതി ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ പത്തുവര്‍ഷത്തോളം നീണ്ട ജയില്‍വാസത്തിന് ശേഷം വെറുതെവിട്ടു. കേസില്‍ ആരോപണ വിധേയരായ ഏതാനും പേരെ 2002ല്‍ ബംഗളൂരുവില്‍ പോലിസ് വെടിവച്ചു കൊന്നിരുന്നു.

കോയമ്പത്തൂരിലെ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ജസ്റ്റിസ് പി ആര്‍ ഗോപാലകൃഷ്ണന്‍ കമ്മീഷന്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. 1997 നവംബര്‍ 30നും ഡിസംബര്‍ ഒന്നിനും ഇടക്ക് കോയമ്പത്തൂര്‍ പോലിസ് 17 മുസ്‌ലിംകളെ വെടിവച്ചു കൊന്നിരുന്നു എന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്.

നാള്‍വഴികള്‍

1998 ഫെബ്രുവരി 14, 3.50PM: കോയമ്പത്തൂരിലെ ആര്‍ എസ് പുരം അടക്കമുള്ള പ്രദേശങ്ങളില്‍ സ്‌ഫോടനം

കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

ബാഷ അടക്കം 166 പേരെ പോലിസ് അറസ്റ്റ് ചെയ്തു

158 പേരെ വിചാരണക്കോടതി ശിക്ഷിച്ചു. ഇതില്‍ 43 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.

41 പേര്‍ ശിക്ഷക്കെതിരേ അപ്പീലുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരെ ഹൈക്കോടതി വെറുതെവിട്ടു. 17 പേരുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചു. 22 പേരെ വെറുതെവിട്ടു.

17 പ്രതികള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. അതില്‍ ഒരാള്‍ മരിച്ചുപോയി. ബാഷ അപ്പീല്‍ നല്‍കിയില്ല.

Similar News