'ഖുര്‍ആന്‍ മലയാളം' പ്രകാശനം നാളെ കോഴിക്കോട്ട്
'ഖുര്‍ആന്‍ മലയാളം' രണ്ടാം പതിപ്പ് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും
കോഴിക്കോട്:വിശ്രുത ബുദ്ധിജീവിയും ബഹുഭാഷാ പണ്ഡിതനും ആയിരുന്ന അബ്ദുല്ല യൂസുഫ് അലിയുടെ വിശ്വപ്രസിദ്ധ ഇംഗ്ലീഷ് കൃതിയുടെ മലയാള മൊഴി മാറ്റമായ 'ഖുര്‍ആന്‍ മലയാളം' രണ്ടാം പതിപ്പ് നാളെ സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യുന്നു. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ ബുധനാഴ്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന പ്രകാശനച്ചടങ്ങ് 'മാധ്യമം' ചീഫ് എഡിറ്റര്‍ ഒ അബ്ദു റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി അധ്യക്ഷന്‍ പ്രൊഫ. കെ സച്ചിദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സംസ്‌കൃത വകുപ്പ് അധ്യക്ഷ പ്രൊഫ. കെ കെ ഗീതാകുമാരി ആദ്യപ്രതി ഏറ്റുവാങ്ങും.
യൂണിവേഴ്‌സിറ്റി അറബി വകുപ്പ് അധ്യക്ഷന്‍ പ്രൊഫ. എ ബി മൊയ്തീന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ 'ഖുര്‍ആന്‍ മലയാളം' വിവര്‍ത്തകനായ വി വി എ ശുക്കൂര്‍ ഗ്രന്ഥസമര്‍പ്പണം നിര്‍വഹിക്കും. റോം ആസ്ഥാനമായ തവാസുല്‍ ഇന്റര്‍നാഷണല്‍ സെന്ററിന്റെ സാംസ്‌കാരിക ഉപദേഷ്ടാവ് ഡോ. അബ്ദുല്‍ ലത്വീഫ് ചാലിക്കണ്ടി ഓണ്‍ലൈനായി പങ്കെടുക്കും. പ്രശസ്ത കവി എസ് ജോസഫ്, വിദ്യാഭ്യാസ വിദഗ്ധന്‍ പ്രൊഫ. സി എന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍, വാര്‍ത്താ അവതാരകന്‍ അഭിലാഷ് മോഹനന്‍, വ്യക്തിത്വ പരിശീലകന്‍ ജോഷി ജോര്‍ജ്, എഴുത്തുകാരന്‍ എ കെ അബ്ദുല്‍ മജീദ്, മുന്‍ ഗവ. അഡീഷണല്‍ സെക്രട്ടറി എ അബ്ദുല്‍ ലത്വീഫ് എന്നിവര്‍ സംസാരിക്കും.
ഭാഷയുടെ കൃത്യതയും കാവ്യഭംഗിയും കൊണ്ടും, വിജ്ഞാനദായകവും യുക്തിഭദ്രവുമായ വിശദീകരണ കുറിപ്പുകള്‍ കൊണ്ടും ലോകമാകെ കീര്‍ത്തി നേടിയതാണ് അബ്ദുല്ല യൂസുഫ് അലി ഇംഗ്ലീഷില്‍ രചിച്ച ഖുര്‍ആന്‍ വിവര്‍ത്തനവിശദീകരണ ഗ്രന്ഥം. അതിന്റെ മൊഴിമാറ്റമായ 'ഖുര്‍ആന്‍ മലയാളം' ഒരേസമയം ഖുര്‍ആന്‍ വചനസാരത്തോട് തീര്‍ത്തും പ്രതിബദ്ധത പുലര്‍ത്തുകയും ഇംഗ്ലീഷിന്റെ സൗന്ദര്യവും സുഭഗതയും നിലനിര്‍ത്തുകയും ചെയ്യുന്നു. 5 മാസം കൊണ്ടാണ് ഇപ്പോള്‍ രണ്ടാം പതിപ്പ് പുറത്തിറക്കുന്നത്. വളാഞ്ചേരി കേന്ദ്രമായുള്ള ആശയം ഫൗണ്ടേഷന്‍ ആണ് ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ വിവര്‍ത്തകന്‍ വി വി എ ശുക്കൂര്‍, പ്രൊഫ. എ ബി മൊയ്തീന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.