കായികപരിശീലകന്റെ വംശീയ അധിക്ഷേപം; ചെങ്കല്‍ ചൂളയിലെ ദലിത് വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു
ചെങ്കല്‍ചൂളയിലെ കുട്ടികള്‍ക്ക് മോഷണവും കഞ്ചാവ് കച്ചവടവുമാണ് പണി എന്നായിരുന്നു പരിശീലകന്റെ കമന്റ്
തിരുവനന്തപുരം: കായിക പരിശീലകന്റെ വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം രാജാജി നഗര്‍(ചെങ്കല്‍ചൂള)സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബുധനാഴ്ചയാണ് എലി വിഷം കഴിച്ച് അനവഞ്ചേരി സ്‌കൂളിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനായ കുട്ടിയെ സ്‌കൂളിലെ അധ്യാപകരാണ് ആശുപത്രിയില്‍ എത്തിച്ചത്.
ആറ്റിങ്ങല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലന കേന്ദ്രത്തിലെ ബോക്‌സിങ് പരിശീലകന്‍ പ്രേനാഥിനെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ബോക്‌സിങ്ങിനുള്ള ശാരീരികക്ഷമതയില്ലെന്ന് ആരോപിച്ച് അധ്യാപകന്‍ അധിക്ഷേപിച്ചെന്നാണ് പരാതി. രാജാജി നഗറിലെ കുട്ടികള്‍ക്ക് മോഷണമാണ് പണിയെന്ന് പറഞ്ഞുവെന്നും കഞ്ചാവെന്ന് വിളിച്ചെന്നും ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അധ്യാപകന്‍ പ്രേംനാഥിനെതിരെ കായിക മന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് ബന്ധുക്കള്‍.
തിരുവനന്തപുരം രാജാജി നഗര്‍ കോളനിയില്‍ നിന്ന് വന്ന മറ്റ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സമാന പരാതിയുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ പരിശീലകന്‍ നിഷേധിച്ചു. അന്വേഷിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നായിരുന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ മേഴ്‌സിക്കുട്ടന്റെ പ്രതികരണം.
നഗരമധ്യത്തിലുള്ള രാജാജി നഗറിലെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെയും ഇത്തരത്തില്‍ വംശീയ അധിക്ഷേപം നേരിടേണ്ടിവന്നിട്ടുണ്ട്.