പരപ്പനങ്ങാടി: കോളജ് വിദ്യാര്‍ഥിയെ റാഗ് ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍. താനൂര്‍ എളാരം കടപ്പുറം കോട്ടില്‍ വീട്ടില്‍ മുഹമ്മദ് മിസ്ഹബ് (20), താനാളൂര്‍ ചുങ്കം മംഗലത്ത് വീട്ടില്‍ ഫാരിസ് (22) എന്നിവരേയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളജിലെ ഒന്നാം വര്‍ഷ ബിഎ സോഷ്യോളജി വിദ്യാര്‍ഥിയായ കണ്ണമംഗലം എരണിപ്പടി നാലുകണ്ടത്തില്‍ വീട്ടില്‍ രാഹുലി(21)നെ റാഗിങ്ങിന്റെ ഭാഗമായി പരപ്പനങ്ങാടി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ വച്ച് തടഞ്ഞ് നിര്‍ത്തി മുഖത്ത് അടിക്കുകയും നിലത്തിട്ട് നെഞ്ചിനും കഴുത്തിനും ചവുട്ടിയെന്നാണ് പരാതി.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ ഇന്ന് പുലര്‍ച്ചെ വീടുകളില്‍ നിന്നായിരുന്നു പോലിസ് കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ പ്രതികളുടെ പേരില്‍ റാഗിംഗ് നിരോധന നിയമപ്രകാരവും 308 ഐപിസി പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ പരാതിക്കാരനെ റാഗിങ്ങിന്റെ ഭാഗമായി ദേഹോപദ്രവം ചെയ്തതായി പ്രതികള്‍ സമ്മതിച്ചു. പരപ്പനങ്ങാടി എസ്‌ഐ പ്രദീപ് കുമാര്‍, എസ്‌ഐ രാധാകൃഷ്ണന്‍ പോലിസുകാരായ ആല്‍ബിന്‍ , ജിനേഷ്, സബറുദ്ദീന്‍, അഭിമന്യു, വിപിന്‍, സമ്മാസ് , സിന്ധുജ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. അറസ്റ്റ് ചെയ്ത പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി തിരൂര്‍ സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. റാഗിംഗ് നിരോധന നിയമമനുസരിച്ച് കേസില്‍ പ്രതിയായാല്‍ 3 വര്‍ഷത്തേക്ക് കുട്ടികളെ ഡീ ബാര്‍ ചെയ്യുന്നതാണ്. മറ്റുള്ള പ്രതികളെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്ന് പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് അറിയിച്ചു.