റഹീം മേച്ചേരി പുരസ്‌ക്കാരം ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്റെ''ഓര്‍മയിലെ വസന്തങ്ങള്‍''ക്ക്

Update: 2021-02-28 04:55 GMT

കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും 'ചന്ദ്രിക' പത്രാധിപരുമായിരുന്ന റഹീം മേച്ചേരിയുടെ പേരിലുള്ള '' റഹീം മേച്ചേരി അവാര്‍ഡ് '' ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്റെ ആത്മകഥയായ ''ഓര്‍മയിലെ വസന്തങ്ങള്‍''ക്ക്. 'റഹീം മേച്ചേരി ഫൗണ്ടേഷന്‍' ചെയര്‍മാന്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ., പത്രപ്രവര്‍ത്തകരായ എ. സജീവന്‍, പ്രദീപ് ഉഷസ് എന്നിവരുള്‍കൊള്ളുന്ന നിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തീരുമാനിച്ചത്.

മുന്‍ കേരള ഹൈകോടതി ജഡ്ജിയും പ്രമുഖ മനുഷ്യാവകാശ ചിന്തകനുമായ ജസ്റ്റിസ് ഷംസുദ്ദീന്‍ സാമൂഹികസാംസ്‌കാരികവിദ്യാഭ്യാസ മേഖലകളിലെ നേതൃസാന്നിധ്യവും മതാന്തര ഐക്യത്തിന്റെ ആഗോള വക്താവുമാണെന്ന് വിലയിരുത്തിയ ജഡ്ജിംഗ് കമ്മിറ്റി, അര നൂറ്റാണ്ടിലേറെ നീണ്ട തന്റെ നിസ്തുല ജീവിതയാത്രയുടെ തുടിപ്പുകള്‍ തലമുറകള്‍ക്കു വേണ്ടി മനോഹരമായി രേഖപ്പെടുത്തിയ അമൂല്യ കൃതിയാണ് ''ഓര്‍മയിലെ വസന്തങ്ങള്‍'' എന്ന് അഭിപ്രായപ്പെട്ടു. ആശയം ബുക്‌സ് ആണ് ''ഓര്‍മയിലെ വസന്തങ്ങള്‍'' 2019ല്‍ പ്രസിദ്ധീകരിച്ചത്. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് ആദ്യവാരത്തില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു.




Similar News