10 വര്‍ഷം ഒന്നിച്ചുള്ള ഒളിവ് ജീവിതത്തിനൊടുവില്‍ റഹ്മാനും സജിതയും വിവാഹിതരായി
വീട്ടിലെ ഒറ്റമുറിയില്‍ റഹ്മാന്‍ ആരുമറിയാതെ പത്തുകൊല്ലം സജിതയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു
പാലക്കാട്: 10 വര്‍ഷം ഒന്നിച്ചുള്ള ഒളിവ് ജീവിതത്തിനൊടുവില്‍ നെന്മാറയിലെ റഹ്മാനും സജിതയും വിവാഹിതരായി. ഇന്ന് രാവിലെ പത്തു മണിക്ക് നെന്മാറ സബ് രജിസ്റ്റാര്‍ ഓഫീസിലാണ് വിവാഹ അപേക്ഷ സമര്‍പ്പിച്ചത്.
സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് എത്തിയ റഹ്മാനെയും സാജിതയെയും സ്വീകരിക്കാന്‍ നെന്മാറ എംഎല്‍എ കെ ബാബുവും മറ്റു ജന പ്രതിനിധികളും എത്തിയിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ഇവര്‍ക്ക് വിവാഹ സമ്മാനം നല്‍കി. ചടങ്ങിന് സാക്ഷികളാവാന്‍ സജിതയുടെ മാതാപിതാക്കളുമെത്തി. സ്വന്തമായൊരു വീടെന്ന ഇരുവരുടെയും സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒപ്പമുണ്ടാവുമെന്ന് കെ ബാബു എംഎല്‍എ ദമ്പതിമാര്‍ക്ക് ഉറപ്പ് നല്കി.
വീട്ടിലെ ഒറ്റമുറിയില്‍ റഹ്മാന്‍ ആരുമറിയാതെ പത്തുകൊല്ലം സജിതയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. വിവരം പുറത്ത് വന്നതോടെ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനൊപ്പം ഒളിവില്‍ താമസിച്ചതെന്നായിരുന്നു സജിതയുടെ മൊഴി. കാണാതായ റഹ്മാനെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വഴിയില്‍ വച്ച് ബന്ധുക്കള്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. പൊലീസെത്തി നടത്തിയ അന്വേഷണത്തില്‍ റഹ്മാനൊപ്പം സാജിദയെയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയില്‍ താമസിച്ചെന്ന വിവരം പുറത്തു വന്നത്.