ലോക്ക് ഡൗണ്‍ കാലത്തെ നന്മകള്‍, ഓട്ടിസം ബാധിച്ച കുട്ടിക്ക് റെയില്‍വേ ചരക്ക്‌വണ്ടിയില്‍ 20 ലിറ്റര്‍ ഒട്ടകപ്പാലയച്ചു
ശ്രീഗംഗാനഗര്‍: ലോക്ക് ഡൗണ്‍ ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും നിരവധി കഥകള്‍ക്ക് സാക്ഷ്യം വഹിച്ചുവെങ്കിലും അതുപോലെത്തന്നെ മനുഷ്യനന്മകളും അത് പുറത്തുകൊണ്ടുവന്നു. മുംബൈയിലെ ഓട്ടിസം ബാധിച്ച മകനുളള ഒരു അമ്മയുടെ അപേക്ഷ കാതുകള്‍ കൈമാറി സാക്ഷാല്‍ക്കരിക്കപ്പെട്ടത് ഈ നന്മയുടെ തെളിവാണ്.
നടന്നത് ഇതാണ്: മുംബൈയിലെ ഒരു സ്ത്രീ പ്രധാനമന്ത്രിക്ക് ട്വിറ്ററില്‍ ഒരു അപേക്ഷ അയച്ചു. തന്റെ ഓട്ടിസം ബാധിച്ച മകന് പയറും ഒട്ടകപ്പാലുമില്ലാതെ ജീവിക്കാനാവില്ലെന്ന്. അപേക്ഷ പ്രധാനമന്ത്രി കണ്ടില്ലെങ്കിലും ഒഡീഷയിലെ ഒരു മുതിര്‍ന്ന പോലിസുകാരനായ ബൊത്താറയുടെ ശ്രദ്ധയാകര്‍ഷിച്ചു. അദ്ദേഹം ആ അപേക്ഷ തന്റെ സൗഹൃദങ്ങള്‍ക്കിടയില്‍ പങ്കുവച്ചു. അത് നോര്‍ത്ത് വെസ്റ്റ് റെയില്‍വേയുടെ ചീഫ് പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ തരുണ്‍ ജെയിനിന്റെ കാതിലെത്തി. അദ്ദേഹം തന്റെ റെയില്‍വേ സൗഹൃദങ്ങള്‍ക്കിടയില്‍ പ്രശ്‌നം അവതരിപ്പിച്ചു. മുംബൈയിലേക്ക് പാല്‍ എങ്ങനെയാണ് എത്തിക്കാനാവുക എന്ന് ആരാഞ്ഞു.
മറ്റൊരു റെയില്‍വേ ഉദ്യോഗസ്ഥനായ അഭയ് ശര്‍മ്മയാണ് ഇതിന് മറുപടി പറഞ്ഞത്.
ബാന്ദ്ര-ലുധിയാന പാര്‍സര്‍ സര്‍വീസ് പുറപ്പെടുന്നുണ്ടെന്നും ഫല്‍ന സ്റ്റേഷനില്‍ അല്പം നിര്‍ത്തിയാല്‍ പാലും പാലുല്‍പ്പന്നങ്ങളും അതില്‍ കയറ്റിവിടാമെന്നും ശര്‍മ്മ അറിയിച്ചു. അതേസമയം പെട്ടെന്ന് പറഞ്ഞാല്‍ ഫല്‍നയിലെ കച്ചവടക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത്രയും പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഈ സമയത്ത് സംഘടിപ്പിക്കാനാവില്ലെന്നും വ്യക്തമായിരുന്നു. ബൊത്താറയ്ക്ക് വ്യക്തമായിരുന്നു.
അദ്ദേഹം റെയില്‍വേ അധികൃതരുമായി കൂടിയാലോചിച്ചു.
ഒടുവില്‍ റെയില്‍വേ 20 ലിറ്റര്‍ ഒട്ടകപ്പാലും പാല്‍പ്പൊടിയും മുംബൈയിലെ ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മയ്ക്ക് അയക്കാന്‍ തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുടെ കൂട്ടായ പ്രയത്‌നത്തിനൊടിവില്‍ പാല് മുംബൈയിലെത്തി, നന്മ വറ്റിയിട്ടില്ലെന്ന് നമ്മെ ഓര്‍മിപ്പിച്ചുകൊണ്ട്.