രാജ്യം മുഴുവന്‍ കാലവര്‍ഷം വ്യാപിച്ചു: സംസ്ഥാനത്ത് മഴ തുടരും
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യത
തിരുവനന്തപുരം: കാലവര്‍ഷം ഇന്ന് (ജൂലൈ 02) രാജ്യം മുഴുവന്‍ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണ എത്തിച്ചേരേണ്ടതിനും ആറ് ദിവസം മുന്‍പേയാണ് (ജൂലൈ 8) ഇത്തവണ രാജ്യം മൊത്തത്തില്‍ കാലവര്‍ഷം വ്യാപിച്ചത്.
ബംഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഒഡിഷക്ക് മുകളില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്കും ജൂലൈ അഞ്ച്, ആറ് തിയ്യതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമാണ് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.