അയ്യപ്പ ഭക്തര്‍ വാവര്‍ പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
ഹൈദരാബാദിലെ ഗോഷാമഹല്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ആണ് രാജാസിങ്
ഹൈദരാബാദ്: ശബരിമല ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ അയ്യപ്പ ഭക്തര്‍ വാവര്‍ പള്ളിയിലോ വാവര്‍ പള്ളി എന്നറിയപ്പെടുന്ന ഹസ്രത്ത് വാവര്‍സ്വാമി ദര്‍ഗയിലോ പോകരുതെന്ന വിവാദ പരാമര്‍ശവുമായി തെലങ്കാനയിലെ ബിജെപി നേതാവ് രാജാസിങ്. ഹൈദരാബാദിലെ ഗോഷാമഹല്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ആണ് രാജാസിങ്.
'ആചാരത്തിന്റെ ഭാഗമായി, അയ്യപ്പ സ്വാമി ഭക്തര്‍ ആദ്യം വാവര്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കും എന്നിട്ട്് ശബരിമലയിലേക്ക് പോകും. നിരവധി പതിറ്റാണ്ടുകളായി ഈ രീതി പിന്തുടരുന്നു.'നക്‌സലൈറ്റുകള്‍', 'ഇടതുപക്ഷക്കാര്‍', 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ' എന്നിവരുടെ ഗൂഢാലോചനയുടെ ഭാഗമാണിതെല്ലാം' എന്നായിരുന്നു രാജാ സിങിന്റെ പരാമര്‍ശം.
അയ്യപ്പ സ്വാമി, ഭക്തരെ തെറ്റിദ്ധരിപ്പിക്കാന്‍ തയ്യാറാക്കിയ ഗൂഢാലോചനയ്ക്ക് ഇരയാകുകയാണെന്ന് ഇയാള്‍ പറഞ്ഞു. ദര്‍ഗ സന്ദര്‍ശിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന ആളുകളെ ക്ഷണിക്കുന്ന ചില അയ്യപ്പ സ്വാമി പൂജാ പരിപാടികള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ മുസ് ലിംങ്ങളെയും പങ്കെടുക്കാന്‍ ക്ഷണിക്കാറുണ്ട്. നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്, നമ്മള്‍ ഒരു കെണിയില്‍ വീഴുകയല്ലേ? രാജാ സിങ് ചോദിച്ചു. ഹിന്ദുക്കള്‍ ശവക്കുഴികളില്‍ കുമ്പിടുകയോ കൈകൂപ്പി നില്‍ക്കുകയോ ചെയ്യരുതെന്ന് ഹിന്ദുമതം വ്യക്തമായി പഠിപ്പിക്കുന്നുവെന്ന കാര്യം അയ്യപ്പഭക്തര്‍ മനസ്സിലാക്കണമെന്നും രാജാ സിങ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ഇയാളുടെ പരാമര്‍ശത്തിനെതിരേ നിരവധി ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തി.