രാജസ്ഥാനില്‍ വിഷമദ്യം കഴിച്ച് നാല് പേര്‍ മരിച്ചു; ആറ് പേര്‍ ആശുപത്രിയില്‍
ജയ്പുര്‍: രാജസ്ഥാനിലെ ഭില്‍വാരയില്‍ വിഷമദ്യം കഴിച്ച് നാല് പേര്‍ മരിച്ചു. ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഈ മാസം സംസ്ഥാനത്ത് രണ്ടാമത്തെ വ്യാജമദ്യ ദുരന്തമാണിത്. രണ്ടാഴ്ച മുമ്പ് ഭരത്പൂര്‍ ജില്ലയില്‍ വ്യാജമദ്യം കഴിച്ച് ഏഴ് പേര്‍ മരിച്ചിരുന്നു.
സംഭവത്തില്‍ മണ്ഡല്‍ഗഡ് പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി അഡീഷണല്‍ പോലിസ് സൂപ്രണ്ട് ഗജേന്ദ്ര സിംഗ് പറഞ്ഞു. ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.