കൊവിഡ് 19: രാജസ്ഥാനില്‍ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ തുടങ്ങി
ജയ്പൂര്‍: രാജസ്ഥാനില്‍ ലോക്ക് ഡൗണ്‍ മൂലം കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നേടിയ ശേഷമാണ് തൊഴിലാളികളെ നാട്ടിലയക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇന്ന് ഉച്ചയോടെ 40,000 പേര്‍ രാജസ്ഥാനില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു. അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുള്ളവരാണ് നാട്ടിലേക്ക് തിരിച്ചിട്ടുള്ളത്.
തങ്ങള്‍ക്ക് വീട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി ആറ് ലക്ഷത്തോളം പേരാണ് സര്‍ക്കാരിനെ സമീപിച്ചിട്ടുള്ളത്. രാജസ്ഥാന്‍ റോഡ് വെയ്‌സ് ബസ്സുകളിലാണ് തൊഴിലാളികളെ നാട്ടിലെത്തിക്കുന്നത്.
ഇതുവരെ 26,000 പേരെ രാജസ്ഥാന്‍ മധ്യപ്രദേശ് അതിര്‍ത്തിയിലെത്തിച്ചുണ്ട്. 2,000 പേരെ ഹരിയാന അതിര്‍ത്തിയിലും എത്തിച്ചു. രാജസ്ഥാന്റെ കിഴക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മിക്കവരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാനില്‍ വിളവെടുപ്പു കാല പണിക്കായി എത്തിയവരാണ് മിക്കവരും. ഗുജറാത്തുമായി അതിര്‍ത്തി പങ്കിടുന്ന ദുന്‍ഗാര്‍പൂര്‍, സിരോധി ജില്ലകളിലും തൊഴിലാളികള്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്.
രാജസ്ഥാന്റെ മറ്റു മേഖലയില്‍ നിന്ന് പണിക്കുപോയ 500 പേരെയും നാട്ടിലെത്തിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ ആഭ്യന്തര മന്ത്രിയും ചീഫ് സെക്രട്ടറിയും അയല്‍സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. തൊഴിലാളികളെ ഘട്ടംഘട്ടമായാണ് കൊണ്ടുപോകുന്നത്. ഷെല്‍ട്ടര്‍ ഹോമുകളിലുള്ളവരെയാണ് ആദ്യം വിടുന്നത്, തുടര്‍ന്ന് മറ്റുള്ളവരെ അയയ്ക്കും.
ട്രയിനുകളില്‍ തൊഴിലാളികളെ അയയ്ക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുമതി ലഭിച്ചില്ല.
കുടിയേറ്റത്തൊഴിലാളികളെ പോകാന്‍ അനുവദിക്കും മുമ്പ് സ്‌ക്രീന്‍ ചെയ്യും. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവരെ മാത്രമേ പോകാന്‍ അനുവദിക്കൂ.
ഇന്നലെയാണ് കേന്ദ്രം കുടിയേറ്റത്തൊഴിലാളികള്‍ക്ക് പോകാന്‍ അനുമതി നല്‍കിയതെങ്കിലും അതിനു മുമ്പു തന്നെ രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നു.