തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ മണ്ഡലങ്ങളില്‍ പോയി പണിയെടുക്കട്ടെ; രാജ്യസഭയിലേയ്ക്ക് തോറ്റവരെ പരിഗണിക്കരുതെന്നും കെ മുരളീധരന്‍
കെ സുധാകരന്റെ നോമിനിയായ എം ലിജുവിനെതിരെ കെ സി വേണുഗോപാല്‍ വിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്
തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പില്‍ സമീപകാല തിരഞ്ഞെടുപ്പുകളില്‍ തോറ്റവരെ പരിഗണിക്കരുതെന്ന് കെ മുരളീധരന്‍. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് മുരളീധരന്‍ കത്തയച്ചു. തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ ആ മണ്ഡലങ്ങളില്‍ പോയി ജോലി ചെയ്യണമെന്നാണ് മുരളീധരന്‍ പറയുന്നത്.
കെ സുധാകരന്റെ നോമിനിയായ എം ലിജുവിനെതിരെ കെ സി വേണുഗോപാല്‍ വിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന കെപിസിസി ഭാരവാഹികള്‍ എഐസിസിക്കും കത്തയച്ചിട്ടുണ്ട്.
കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ എം ലിജുവിനെ കൊണ്ടുവരണമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആഗ്രഹിക്കുന്നത്. സീറ്റാവശ്യവുമായി ദില്ലിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുമായി സുധാകരന്‍ കൂടിക്കാഴ്ചയും നടത്തി. എം ലിജുവും രാഹുലുമൊത്തുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ലിജുവിന്റെ പേര് പരിഗണനയിലുണ്ടെന്ന് സുധാകരന്‍ സ്ഥിരീകരിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ കണ്ടത് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടാണെന്ന് എം ലിജുവും വ്യക്തമാക്കി. രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നാണ് ലിജു പ്രതികരിച്ചത്. ഇതിനിടയിലാണ് ലിജുവിനെ ലക്ഷ്യം വച്ചുള്ള കെ സി വേണുഗോപാല്‍ അനുകൂലികളുടെ നീക്കം.
കെ വി തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളും സി പി ജോണിനെ പോലുള്ള ഘടകകക്ഷി നേതാക്കളും രാജ്യസഭ സീറ്റിനായി സമ്മര്‍ദ്ദം തുടരുന്നുണ്ട്. ലിജുവിന് പുറമേ വി ടി ബല്‍റാമിന്റെ പേരും യുവനേതാവെന്ന നിലയില്‍ സജീവ ചര്‍ച്ചയിലുണ്ട്. ഇതിനിടയിലാണ് ഹൈക്കമാന്‍ഡിനുള്ള മുരളീധരന്റെ കത്തും, കെ സി വേണുഗോപാല്‍ അനുകൂലികളുടെ എഐസിസിക്കുള്ള കത്തും.
തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ പരിഗണിക്കപ്പെടരുതെന്നാണ് തീരുമാനമെങ്കില്‍ അത് ലിജുവിനും ബലറാമിനും പ്രതികൂലമാകും. നിയമസഭ തിരഞ്ഞെടുപ്പില്‍ ലിജു അമ്പലപ്പുഴയിലും, വി ടി ബല്‍റാം തൃത്താലയിലും പരാജയപ്പെട്ടിരുന്നു. ഇനി വനിതയെ ആണ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നതെങ്കില്‍ മുന്‍പന്തിയിലുള്ള ഷാനിമോള്‍ ഉസ്മാനും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതാണ്.
ഈ ചര്‍ച്ചകള്‍ തുടരുന്നതിനിടെ അപ്രതീക്ഷിതമായി ദില്ലിയില്‍ നിന്നും ഒരു പുതിയ പേരും എത്തിയിട്ടുണ്ട്. കെപിസിസി പരിഗണിക്കുന്ന നേതാക്കളുടെ പേരിനൊപ്പം ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് കൂടി ഉള്‍പ്പെടുത്താനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. സംസ്ഥാന ഘടകം തയ്യാറാക്കുന്ന പട്ടികയിലേക്ക് ശ്രീനിവാസന്റെ പേര്കൂടി നിര്‍ദേശിക്കാനാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
എഐസിസി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്രീനിവാസന്‍ കൃഷ്ണന്‍ നേരത്തെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ ജോലി നോക്കിയിരുന്നു. പിന്നീട് പത്ത് വര്‍ഷത്തോളം കെ കരുണാകരനൊപ്പം ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിയതും നിലവില്‍ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടതും.