ലോകായുക്തയെ നോക്കുകുത്തിയാക്കുന്ന നിയമ നിര്‍മാണത്തേക്കാള്‍ ഭേദം ലോകായുക്ത പിരിച്ച് വിടുന്നത്: രമേശ് ചെന്നിത്തല

  • മുഖ്യമന്ത്രിക്കെതിരേയും ,മന്ത്രി ആര്‍ ബിന്ദുവിനെതിരേയുമുള്ള ഹര്‍ജിയും ലോകായുക്തയുടെ പരിഗണനയില്‍ ഇരിക്കെയുള്ള ഈ നടപടി തിരിച്ചടി ഭയന്നിട്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു

Update: 2022-01-25 04:57 GMT

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരും വിധത്തില്‍ നിയമ നിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ലോകായുക്തയുടെ അധികാരം കവര്‍ന്നുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ചെന്നിത്തല പറഞ്ഞു.ഇതിനേക്കാള്‍ ഭേദം ലോകായുക്തയെ പിരിച്ച് വിടുകയാണ് പിണറായി ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിനെതിരേ മുഖ്യമന്ത്രിക്കെതിരേയും കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആര്‍ ബിന്ദുവിനെതിരേയുമുള്ള ഹര്‍ജിയും ലോകായുക്തയുടെ പരിഗണനയില്‍ ഇരിക്കെയുള്ള ഈ നടപടി തിരിച്ചടി ഭയന്നിട്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഇടതുമുന്നണി അറിയാതെയാണ് തീരുമാനം എന്നാണ് വിശ്വാസം. ഏത് മുന്‍ ജഡ്ജിയെയും നിയമിക്കാമെന്നും പുതിയ ഓര്‍ഡിനന്‍സ് പറയുന്നു. ഈ വിഷയത്തില്‍ സി പി എം മറുപടി പറയണം. കഴിഞ്ഞ മന്ത്രിസഭാ യോഗം ലോകായുക്തയുടെ അധികാരം കവര്‍ന്നെടുക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. എന്നാല്‍ ഇക്കാര്യം മന്ത്രിസഭാ തീരുമാനത്തെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയില്ല. അടുത്ത മാസം നിയമസഭ ചേരാനിരിക്കെ മുഖ്യമന്ത്രി വിദേശത്തായിരിക്കെ ഇത്രയും സുപ്രധാന കാര്യം ഓര്‍ഡിനന്‍സ് ഇറക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആവശ്യപ്പെട്ടത് കര്‍ണാടക മോഡലില്‍ ലോകായുക്ത നിയമം ഭേദഗതി ചെയ്യണമെന്നാണ്.അന്ന് സിപിഎമ്മും ഇത് ആവശ്യപ്പെട്ടിരുന്നു.കര്‍ണാടകയിലാണ് ലോകായുക്തക്ക് ഏറ്റവും കൂടുതല്‍ അധികാരമുള്ളത്.

ലോകായുക്തയെ തീരുമാനിക്കുന്ന സമിതിയില്‍ മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കറും പ്രതിപക്ഷനേതാവും അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നതിനുമുന്‍പ് സ്പീക്കറുടെയും പ്രതിപക്ഷനേതാവിന്റെയും അഭിപ്രായങ്ങള്‍ കേള്‍ക്കുവാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഈ വിഷയത്തില്‍ അതുണ്ടായില്ല എന്നുള്ളത് സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News