ഹരിയാനയിലെ ബിജെപി-ദുഷ്യന്ത് ചൗട്ടാല കൂട്ടുകെട്ടിനു പിന്നില്‍ അഴിമതിക്കറ? ആംആദ്മിയും പ്രതിക്കൂട്ടില്‍; വിവാദം പുകയുന്നു

ഹരിയാനയിലെ പുതിയ രാഷ്ട്രീയ നീക്കം ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് കേസില്‍ നിന്ന് ചൗട്ടാല കുടുംബത്തെ കുതന്ത്രങ്ങള്‍ മെനഞ്ഞ് സ്ഥിരമായി പുറത്തെത്തിക്കുന്നതിന്റെ ഭാഗമാണെന്നാണ് പുതിയ വിവാദം.

Update: 2019-10-29 17:11 GMT

രാഷ്ട്രീയത്തില്‍ സ്ഥിരമായ വൈരികളില്ലെന്നാണ് നാട്ടുനടപ്പ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത് വലിയ വിഷയവുമല്ല. തെരഞ്ഞെടുപ്പ് നടന്ന ശേഷം ഹരിയാനക്കാര്‍ ചര്‍ച്ച ചെയ്യുന്ന ഏറ്റവും പ്രധാന വിഷയവും ഇതാണ്. പാമ്പും കീരിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ടവരാണ് മനോഹര്‍ ലാല്‍ ഖത്തര്‍ നേതൃത്വം നല്‍കുന്ന ബിജെപിയും ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയും. ചെറുപ്പക്കാരനായ ദുഷ്യന്ത് ചൗട്ടാലയും അമ്മ നെയ്‌ന ചൗട്ടാലയും തങ്ങളുടെ എല്ലാ പ്രചരണയോഗങ്ങളിലും ആവര്‍ത്തിച്ചുപറഞ്ഞ കാര്യം തങ്ങള്‍ ഒരു കാരണവശാലും ബിജെപിക്ക് പിന്തുണ നല്‍കില്ലെന്നാണ്. പക്ഷേ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഒരു കാര്യം വ്യക്തമായി. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് ജെജെപി പിന്തുണ നല്‍കും. അത് പ്രകാരം സര്‍ക്കാരും സ്ഥാപിതമായി. 


തീരുമാനം വന്ന് തൊട്ടടുത്ത ദിവസം തന്നെ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് കിടക്കുന്ന ദുഷ്യന്ത് ചൗട്ടാലയുടെ പിതാവ് അജയ് ചൗട്ടാല രണ്ട് മാസത്തെ 'ലീവി'ല്‍ പുറത്തുവന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ഇത് ബിജെപിയും ജെജെപിയും തമ്മിലുള്ള തെരഞ്ഞെടുപ്പിനു മുമ്പ് നടന്ന രഹസ്യധാരണയുടെ ഭാഗമാണോ എന്നാണ് ഇപ്പോള്‍ ഹരിയാനയിലെ സജീവമായ വിവാദം.

അതേസമയം ആംആദ്മി പാര്‍ട്ടിയും ബിജെപിയും ജെജെപിയും തമ്മില്‍ അജയ് ചൗട്ടാലയുടെ മോചനത്തില്‍ കളിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഡല്‍ഹി ജയില്‍ മാന്വല്‍ അനുസരിച്ച് തടവുകാര്‍ക്ക് പരോളോ പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള ലീവോ അനുവദിക്കണമെങ്കില്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി വേണം. ഡല്‍ഹി ഭരിക്കുന്ന ആംആദ്മി സര്‍ക്കാര്‍ അറിയാതെ ഇതൊന്നും നടക്കില്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം.

ഹരിയാനയെ നടക്കിയ ഏറ്റവും വലിയ അഴിമതിയുടെ ഭാഗമാണ് ചൗട്ടാല കുടുംബം. മൂവായിരത്തി അഞ്ഞൂറു പേരെ വ്യാജ രേഖകള്‍ ഉപയോഗിച്ച് നിയമിച്ച ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് കേസില്‍ ചൗട്ടാല കുടുംബത്തിലെ പിതാവ് ഓംപ്രകാശ് ചൗട്ടാലയും മകന്‍ അജയ് ചൗട്ടാലയും ജയിലിലാണ്.

1990-2000 കാലത്ത് 3000 ടീച്ചര്‍മാരെ വ്യാജരേഖകള്‍ ചമച്ച് ചൗട്ടാല സര്‍ക്കാര്‍ നിയമിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ പരാതിയെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. യഥാര്‍ത്ഥ നിയമനലിസ്റ്റ് മാറ്റിവച്ച് ചൗട്ടാല കുടുംബം സ്വന്തമായി ഉണ്ടാക്കിയ ലിസ്റ്റില്‍ നിന്ന് പണം വാങ്ങി നിയമനം നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം സിബിഐ ആണ് കേസ് അന്വേഷിച്ചത്. അതില്‍ ചൗട്ടാല കുടുംബത്തിലെ രണ്ട് പേര്‍ അടക്കം 55 പേര്‍ക്ക് ശിക്ഷ വിധിച്ചു. അവര്‍ തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നു.

തങ്ങളുടെ സ്വാധീനമുപയോഗിച്ച് രണ്ട് ചൗട്ടാലമാരും പരോളും ലീവും സംഘടിപ്പിച്ച് എപ്പോഴും ജയിലിന് പുറത്താണ്.

ഹരിയാനയിലെ പുതിയ രാഷ്ട്രീയ നീക്കം ഈ കേസില്‍ നിന്ന് ചൗട്ടാല കുടുംബത്തെ കുതന്ത്രങ്ങള്‍ മെനഞ്ഞ് സ്ഥിരമായി പുറത്തെത്തിക്കുന്നതിന്റെ ഭാഗമാണെന്നാണ് പുതിയ വിവാദം.  

Tags:    

Similar News