ഒരേ ഒരു റയല്‍; 15ാം തവണയും ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തം

ഡാനി കാര്‍വഹാലും വിനീഷ്യസ് ജൂനിയറുമാണ് ഗോള്‍ വലകുലുക്കിയത്.

Update: 2024-06-02 04:15 GMT

ലണ്ടന്‍: ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെ വെല്ലാന്‍ ഒരു ശക്തിയും വളര്‍ന്നിട്ടില്ല. വെംബ്ലി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഗാലറികളെ സാക്ഷിയാക്കി റയല്‍ ഒരിക്കല്‍ കൂടി തെളിയിച്ചു യൂറോപ്പിന്റെ രാജാക്കന്‍മാര്‍ തങ്ങള്‍ തന്നെ. 15ാം തവണയും ചാംപ്യന്‍സ് ലീഗ് കിരീടം അവര്‍ സ്വന്തമാക്കി. ജര്‍മ്മന്‍ ഭീമന്‍ മാരായ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ സ്വപ്‌നം അവസാനിക്കുകയും ചെയ്തു. ഏകപക്ഷീയമായ രണ്ടുഗോളിനാണ് റയല്‍ മാഡ്രിഡിന്റെ വിജയം. ഡാനി കാര്‍വഹാലും വിനീഷ്യസ് ജൂനിയറുമാണ് ഗോള്‍ വലകുലുക്കിയത്.

വെംബ്ലിയില്‍ ആക്രമണങ്ങളുമായി ആദ്യ മിനിറ്റുകളില്‍ തന്നെ ഡോര്‍ട്ട്മുണ്‍ഡ് കളം നിറഞ്ഞു. എന്നാല്‍ പന്ത് കൈവശം വെച്ച് മുന്നേറാനാണ് റയല്‍ ശ്രമിച്ചത്. മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്‍ഡിന് മുന്നിലെത്താനുള്ള സുവര്‍ണാവസരം ലഭിച്ചു. ത്രൂബോള്‍ വഴി ലഭിച്ച പന്തുമായി മുന്നേറിയ ഡോര്‍ട്ട്മുണ്‍ഡ് വിങ്ങര്‍ കരിം അഡയമിക്ക് മുന്നില്‍ റയല്‍ ഗോള്‍ കീപ്പര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കോര്‍ട്ടുവായേ വെട്ടിയൊഴിഞ്ഞെങ്കിലും ഷോട്ടുതിര്‍ക്കുന്നതിന് മുന്നേ ഓടിയെത്തിയ റയല്‍ പ്രതിരോധതാരങ്ങള്‍ ഗോള്‍ നിഷേധിച്ചു. പിന്നാലെ 22-ാം മിനിറ്റില്‍ സ്ട്രൈക്കര്‍ ഫുള്‍ക്ബര്‍ഗിനും മികച്ച അവസരം ലഭിച്ചു. എന്നാല്‍ പോസ്റ്റില്‍ തട്ടി മടങ്ങി. പിന്നാലെ റയലും ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താനായില്ല.


 രണ്ടാം പകുതിയില്‍ റയലിന്റെ മുന്നേറ്റം ശക്തമായിരുന്നു. നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഡോര്‍ട്ട്മുണ്‍ഡ് പ്രതിരോധം ഉറച്ചുനിന്ന് ഗോളവസരങ്ങളെല്ലാം വിഫലമാക്കി. ഡോര്‍ട്ട്മുണ്‍ഡിന്റെ ഷോട്ടുകളും റയല്‍ പോസ്റ്റിനെ വിറപ്പിച്ചു. പക്ഷേ ഗോള്‍കീപ്പര്‍ കോര്‍ട്ടുവാ മികച്ച സേവുകളുമായി റയലിന്റെ രക്ഷക്കെത്തി. അതിനിടെ 74-ാം മിനിറ്റില്‍ വെംബ്ലിയില്‍ റയലിന്റെ ആദ്യ ഗോളെത്തി. കോര്‍ണര്‍ കിക്കില്‍ നിന്ന് മികച്ച ഹെഡ്ഡറില്‍ ഡാനി കാര്‍വഹാല്‍ ഡോര്‍ട്ട്മുണ്‍ഡ് വലകുലുക്കി. ഡോര്‍ട്ട്മുണ്‍ഡിന്റെ തിരിച്ചടി പ്രതീക്ഷിച്ചുനിന്ന വെംബ്ലി സ്റ്റേഡിയം പിന്നെ കണ്ടത് റയലിന്റെ നിരനിരയായ ആക്രമണങ്ങളായിരുന്നു. അത് പ്രതിരോധിക്കാന്‍ ഡോര്‍ട്ട്മുണ്‍ഡ് പ്രതിരോധം നന്നായി വിയര്‍ത്തു.

പിന്നാലെ ഡോര്‍ട്ട്മുണ്‍ഡിന്റെ കണ്ണീരുവീഴ്ത്തി റയലിന്റെ രണ്ടാം ഗോളുമെത്തി. ഡോര്‍ട്ട്മുണ്‍ഡിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് വിനീഷ്യസ് ജൂനിയര്‍ ലക്ഷ്യം കണ്ടു. അതോടെ റയല്‍ ജയമുറപ്പിച്ചു. അവസാനനിമിഷം ഡോര്‍ട്ട്മുണ്‍ഡ് വലകുലുക്കിയെങ്കിലും ഓഫ്സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു.



Tags:    

Similar News