മലപ്പുറം ജില്ലയിലെ രോഗബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ നിര്‍ദേശം
മലപ്പുറം: ജില്ല മുഴുവന്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിനു പകരം രോഗബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ അഭിപ്രായം. പി.കെ കുഞ്ഞാലിക്കുട്ടി എം.പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ എം.പി മാര്‍ എം.എല്‍.എ മാര്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുത്തു. രോഗവ്യാപനം തടയുന്നതിന് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന നിയന്ത്രണങ്ങളോട് പൂര്‍ണസഹകരണം ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഉറപ്പ് നല്‍കി. രോഗബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും ഇക്കാര്യത്തില്‍ വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. കൊവിഡ് പരിശോധനാ ഫലം പെട്ടെന്ന് ലഭ്യമാക്കുന്നതിനും കൊവിഡ് ആശുപത്രികളിലും സി.എഫ്.എല്‍.ടി.സി കളിലുംആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം കൂടുതല്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കാനും യോഗത്തില്‍ നിര്‍ദേശമുണ്ടായി. ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് പോസിറ്റീവായ രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ ചികില്‍സിക്കന്നതിന്റെ പ്രായോഗികത പരിശോധിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആവശ്യപ്പെട്ടു.
സാധാരണ മരണങ്ങള്‍ സംഭവിക്കുമ്പോള്‍ പോലും കൊവിഡ് സാഹചര്യത്തില്‍ പരിശോധനകളും നടപടിക്രമങ്ങളും പാലിക്കേണ്ടി വരുന്നത് സങ്കീര്‍ണത സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണം. ഓണച്ചന്തകള്‍ ഒഴിവാക്കാമെന്നും എന്നാല്‍ കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാഹചര്യമൊരുക്കണമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.
യോഗത്തില്‍എം.പി.മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ്, എം എല്‍ എ മാരായ പി ഉബൈദുള്ള, പി. ഹമീദ്, പി.കെ ബഷീര്‍, മഞ്ഞളാംകുഴി അലി, ടി.വി ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, എ.ഡി.എം എന്‍.എം. മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ പി. എന്‍ പുരുഷോത്തമന്‍, കെ. ലത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.