സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ചുളള പരാമര്‍ശം; തെലങ്കാന മുഖ്യമന്ത്രിക്കെതിരേ അസമില്‍ പോലിസ് കേസ്
ഗുവാഹത്തി; അതിര്‍ത്തിയില്‍ പാകിസ്താനെതിരേ ഇന്ത്യ നടത്തിയ സൈനിക നീക്കത്തിനെതിരേയുള്ള പരാമര്‍ശത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരേ പോലിസ് കേസ്. അസമിലെ ബിജെപി എംഎല്‍എ ദിഗന്ത കലിതയുടെ പരാതിയിലാണ് അസം പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.
2016ല്‍ പാകിസ്താന്‍ അധിനിവേശ കശ്മീര്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നീക്കത്തെയാണ് പ്രധാനമന്ത്രി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് വിശേഷിപ്പിക്കുന്നത്.
'ഇന്ന് ഞാന്‍ തെലങ്കാന മുഖ്യമന്ത്രിക്കെതിരെ കമാല്‍പൂര്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. അദ്ദേഹം രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു. സൈന്യത്തെ സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയെ ഞാന്‍ അപലപിക്കുന്നു. കര്‍ശനമായ നിയമനടപടി സ്വീകരിക്കണം,- കലിത പറഞ്ഞു.
ഉറിയിലെ ബേസ് ക്യാമ്പില്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം 2016 സെപ്റ്റംബറില്‍ പാക് അധീന കശ്മീരില്‍ (പിഒകെ) ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു. 2016 സെപ്റ്റംബറില്‍ പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഞായറാഴ്ച കേന്ദ്ര സര്‍ക്കാരിനോട് തെളിവ് ആവശ്യപ്പെട്ടിരുന്നു.
സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബിജെപി രാഷ്ട്രീയവിജയത്തിന് ഉപയോഗിക്കുകയാണെന്നാണ് കെ ചന്ദ്രശേഖര റാവുവിന്റെ പരാതി.