കോണ്‍ഗ്രസ് കാലത്തെ മിന്നലാക്രമണങ്ങള്‍ സ്ഥിരീകരിച്ച് ഉറി മിന്നലാക്രമണത്തിന്റെ സൂത്രധാരന്‍
2016ലെ ഉറി മിന്നലാക്രമണം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടെന്നും അതിനെക്കുറിച്ച് ഊതി വീര്‍പിച്ച ചര്‍ച്ചകളാണുണ്ടായതെന്നും നേരത്തെ ഹൂഡ അഭിപ്രായപ്പെട്ടിരുന്നു
ന്യൂഡല്‍ഹി: മന്‍മോഹന്‍ സിങിന്റെ നേതൃത്ത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണങ്ങള്‍ നടന്നിരുന്നുവെന്നു സ്ഥിരീകരിച്ച് റിട്ട. ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര സിങ് ഹൂഡ. 2016ലെ ഉറി മിന്നലാക്രമണത്തിന്റെ പ്രധാന സൂത്രധാരനാണ് ഹൂഡ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അതിര്‍ത്തി കടന്നുള്ള നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. നിരവധി പേര്‍ അതിലെല്ലാം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പട്ടാളത്തെ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് ഏതു രാഷ്ട്രീയ പാര്‍ട്ടികളായാലും അത് നല്ലതല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ദോഷമേ ചെയ്യൂ. ഹൂഡ പറഞ്ഞു. 2016ലെ ഉറി മിന്നലാക്രമണം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടെന്നും അതിനെക്കുറിച്ച് ഊതി വീര്‍പിച്ച ചര്‍ച്ചകളാണുണ്ടായതെന്നും നേരത്തെ ഹൂഡ അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മിന്നലാക്രമണങ്ങള്‍ നടന്നിരുന്നെന്നും എന്നാല്‍ അവയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് നേരത്ത രംഗത്തെത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിവിധ സമയങ്ങളിലായി ആറ് മിന്നലാക്രമണങ്ങള്‍ നടന്നിരുന്നുവെന്നാണ് രാജീവ് ശുക്ല വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെതിരേ പ്രധാനമന്ത്രി മോദിയും മുന്‍ കരസേനാ മേധാവിയും വിദേശകാര്യ സഹമന്ത്രിയുമായ വികെ സിങ് അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റേത് വ്യാജ അവകാശവാദമാണെന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ്ജാവേദ്കറുടെ മറുപടി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മറ്റു ബിജെപി നേതാക്കളും കോണ്‍ഗ്രസിനെതിരേ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അവകാശ വാദം സ്ഥിരീകരിച്ച് മുന്‍ ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര സിങ് ഹൂഡ രംഗത്തെത്തിയത്.