മലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
സമ്പര്‍ക്ക പട്ടിക വിപുലീകരിക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം: മലപ്പുറത്ത് നിപയില്‍ ആശ്വാസമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. ഇതുവരെ പരിശോധിച്ച 13 ഫലങ്ങളും നെഗറ്റീവ്. സമ്പര്‍ക്ക പട്ടിക വിപുലീകരിക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഹൈറിസ്‌കില്‍ 26 പേരാണ് ഉള്ളത്. അവര്‍ക്ക് പ്രതിരോധമരുന്ന് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സപ്തംബര്‍ ഒമ്പതിന് മരിച്ച വണ്ടൂര്‍ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിലെ ഫലം പോസിറ്റീവായതോടെയാണ് സ്ഥിരീകരണമുണ്ടായത്. സപ്തംബര്‍ നാലിനാണ് യുവാവിന് രോഗലക്ഷണങ്ങള്‍ തുടങ്ങിയത്. അന്നും പിറ്റേന്നും യുവാവ് വീട്ടിലുണ്ടായിരുന്നു. യുവാവ് സഞ്ചരിച്ച എല്ലാ സ്ഥലങ്ങളും ക്രോഡീകരിച്ച് നിലവില്‍ റൂട്ട് മാപ്പ് പുറത്ത് വിട്ടിട്ടുണ്ട്. നിപ മരണം സ്ഥിരീകരിച്ചതോടെ ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ അഞ്ചു വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7ാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.