ഡോ.ബിആര്‍ അംബേദ്കറെ അപമാനിച്ച മുരളി പെരുനെല്ലി എംഎല്‍എ രാജിവെയ്ക്കണം: കെകെ റൈഹാനത്ത്

ഭരണഘടനയെയും അതിന്റെ ശില്‍പ്പികളെയും നിന്ദിക്കുന്നത് സിപിഎം നേതാക്കളുടെ സ്ഥിരം പല്ലവിയായി മാറിയിരിക്കുന്നു

Update: 2022-07-07 11:32 GMT

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനമായ ഭരണഘടനാ ശില്‍പി ഡോ. ബിആര്‍ അംബേദ്കറെ അപമാനിച്ച മുരളി പെരുനെല്ലി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ റൈഹാനത്ത്. ഭരണഘടനയെയും അതിന്റെ ശില്‍പ്പികളെയും നിന്ദിക്കുന്നത് സിപിഎം നേതാക്കളുടെ സ്ഥിരം പല്ലവിയായി മാറിയിരിക്കുന്നു. ഇതൊന്നും കേവലം നാക്ക് പിഴകളല്ല. ഉള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന ജാതി ചിന്തയും അസഹിഷ്ണുതയും പുറത്ത് ചാടുന്നതാണ്. ഇത്തരം വീക്ഷണങ്ങളും നിലപാടുകളുമാണോ പാര്‍ട്ടി ക്ലാസുകളില്‍ നല്‍കുന്നതെന്നു കൂടി നേതാക്കള്‍ വ്യക്തമാക്കണം. ഭരണഘടനയെയും അംബേദ്കറെയും നിന്ദിച്ചതിന്റെ പേരില്‍ ഒരു മന്ത്രി രാജി വെച്ച് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പ് തന്നെ അതേ പാര്‍ട്ടി നേതാവായ നിയമസഭാ സാമാജികന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ആര്‍എസ്എസ് ഉയര്‍ത്തുന്ന വാദങ്ങള്‍ സിപിഎം ഏറ്റുപിടിക്കുന്നത് ഖേദകരമാണ്. ഫാഷിസത്തിനെതിരേ ഇന്ത്യയിലെ കാംപസുകളിലും തെരുവോരങ്ങളിലും ഉയരുന്ന മുദ്രാവാക്യം ജയ് ഭീം എന്നതാണെന്ന് എംഎല്‍എ അറിയാതെയല്ല പ്രസ്താവന നടത്തിയിട്ടുള്ളത്.

അംബേദ്കറെ അപമാനിച്ച എംഎല്‍എ രാജി വെയ്ക്കാത്ത പക്ഷം സര്‍ക്കാരും സിപിഎമ്മും അദ്ദേഹത്തെ സ്ഥാനത്തു നിന്നു പുറത്താക്കണമെന്നും കെ കെ റൈഹാനത്ത് വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News