ആര്‍ ശ്രീലേഖയുടെ പരാമര്‍ശം ഉചിതമായില്ല; വിരമിച്ച ശേഷമുള്ള പ്രതികരണങ്ങള്‍ ദൂരുഹം, അന്വേഷണം വേണമെന്നും പി സതീദേവി
ആരെ സഹായിക്കാനാണ് ഇത്തരം പ്രസ്താവനകളെന്ന് ആശങ്കയുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി സംസാരിച്ച മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പരാമര്‍ശം ഉചിതമായില്ലെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പി സതിദേവീ. വിരമിച്ച ശേഷമുള്ള പ്രതികരണം ദുരൂഹമാണെന്നും അന്വേഷണ ഏജന്‍സികള്‍ ഇത് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ആരെ സഹായിക്കാനാണ് ഇത്തരം പ്രസ്താവനകളെന്ന് ആശങ്കയുണ്ട്. ഉന്നത പദവിയിലിരിക്കുന്ന ആള്‍ക്ക് യോജിക്കാത്ത പരാമര്‍ശങ്ങളാണ്. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കേസില്‍ ദിലീപിനെതിരെ തെളിവില്ലാത്തതിനാലാണ് ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും പോലിസ് ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്നും അവര്‍ ആരോപിച്ചു.
ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് എഴുതിയത് സുനിയല്ലെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. പോലിസ് അന്വേഷണം ശരിയായി നടക്കാത്തതിനാലാണ് സാക്ഷികള്‍ കൂറുമാറാന്‍ കാരണം. ജയിലില്‍ സുനിക്ക് ഉപയോഗിക്കാനുള്ള ഫോണ്‍ എത്തിച്ചതും പോലിസുകാരാണ്.
ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാദ്ധ്യമങ്ങളാണെന്നും പോലിസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നുമാണ് ശ്രീലേഖയുടെ ആരോപണം. അതേസമയം, ശ്രീലേഖയ്‌ക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍. വിസ്താരം നടക്കുന്ന കേസിലെ പ്രതി നിരപരാധിയെന്ന് പറഞ്ഞതിനെ മുന്‍നിര്‍ത്തിയാകും നടപടി.