വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും ജാമ്യം നിഷേധിച്ച് കോടതി

Update: 2022-07-20 02:18 GMT

കൊല്ലം: ആയൂര്‍ മാര്‍ത്തോമ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റ ലംഘനമാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതിനാല്‍ ജാമ്യം നില്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. പരീക്ഷാ നടത്തിപ്പിന്റെ ഭാഗമായെത്തിയ കോളജ് ശുചീകരണ ജീവനക്കാരായ ആയൂര്‍ സ്വദേശികളായ എസ് മറിയാമ്മ, കെ മറിയാമ്മ, സ്റ്റാര്‍ സെക്യൂരിറ്റി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോല്‍സ്‌ന ജോബി, ബീന എന്നിവരാണ് അറസ്റ്റിലായത്.

സിസിടിവി ദൃശ്യങ്ങളുടെയും പെണ്‍കുട്ടി നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പെണ്‍കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ സൗകര്യമൊരുക്കിയത് ശുചീകരണ ജീവനക്കാരാണെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാര്‍ഥിനികളുടെ പരാതി അന്വേഷിക്കാന്‍ എന്‍ടിഎ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

അന്വേഷണ സമിതി കൊല്ലം സന്ദര്‍ശിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കും. ആയൂരിലെ നീറ്റ് കേന്ദ്രത്തിലെ നടപടിയെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം എന്‍ടിഎ സമിതിയെ നിയോഗിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എംപി എന്നിവര്‍ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാനെ കണ്ടിരുന്നു.

കൂടാതെ സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. എന്‍ടിഎയുടെ പ്രാഥമിക അന്വേഷണ റിപോര്‍ട്ടില്‍ വിദ്യാര്‍ഥിയുടെ പരാതിക്ക് തെളിവില്ലെന്നാണ് വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് പരീക്ഷാ കേന്ദ്രത്തിന്റെ സൂപ്രണ്ട്, നിരീക്ഷകന്‍, സിറ്റി കോ-ഓഡിനേറ്റര്‍ എന്നിവര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റിപോര്‍ട്ട്. അതിനിടെ, കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കും. പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഉള്‍പ്പടെയുള്ളവരെ ചോദ്യംചെയ്തുവരികയാണ്. കൊല്ലം ജില്ലയില്‍ ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസബന്ദാണ്.

Tags:    

Similar News