മാള: കൂഴൂര്‍ ഗ്രാമപഞ്ചായത്തിലെ പോളക്കുളത്തിന്റെയും അന്നമനട ഗ്രാമപഞ്ചായത്തിലെ കുട്ടന്‍കുളത്തിന്റെയും നവീകരണ നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഓണ്‍ ലൈനിലൂടെ നിര്‍വ്വഹിച്ചു. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കുളങ്ങളുടെയും ചിറകളുടെയും പുനഃരുദ്ധാരണത്തിനായി സംസ്ഥാന കൃഷിവകുപ്പ് ആവിഷ്‌ക്കരിച്ച സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേരള ലാന്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് നവീകരണം നടത്തുന്നത്. കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെ കൂഴൂരിലെ പോളകുളം നവീകരണത്തിന് 101.52 ലക്ഷം രൂപയും അന്നമനടയിലെ കുട്ടംകുളം നവീകരിക്കുന്നതിന് 44.19 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. പാര്‍ശ്വഭിത്തി നിര്‍മ്മാണം, ആഴംകൂട്ടി സംഭരണശേഷി വര്‍ദ്ധിപ്പിക്കല്‍, കുളിക്കടവ്, നടപ്പാത എന്നീ നവീകരണ പ്രവൃത്തികളാണ് നടത്തുന്നത്.
വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ എല്‍ ഡി സി മാനേജിംഗ് ഡയറക്ടര്‍ പി എസ് രാജീവ് പദ്ധതി വിശദീകരണം നടത്തി. കെ എല്‍ ഡി സി ചെയര്‍മാന്‍ പി വി സത്യനേശന്‍ മുഖ്യാതിഥിയായിരുന്നു. കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സില്‍വി സേവ്യര്‍, ടെസ്സി ടൈറ്റസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഇന്ദിര ദിവാകരന്‍, ബിജി വിത്സന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ കെ രാജു, സുകുമാരന്‍ മാസ്റ്റര്‍, കെ സി വര്‍ഗ്ഗീസ് തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുത്ത് സംസാരിച്ചു.