യുഎപിഎ, എന്‍ഐഎ നിയമങ്ങള്‍ പിന്‍വലിക്കുക; യുഎപിഎ വിരുദ്ധ ജനകീയ കൂട്ടായ്മ കണ്‍വന്‍ഷന്‍

Update: 2022-11-16 09:36 GMT

കൊച്ചി: യുഎപിഎ, എന്‍ഐഎ നിയമങ്ങള്‍ പിന്‍വലിക്കമെന്നാവശ്യപ്പെട്ട് യുഎപിഎ വിരുദ്ധ ജനകീയ കൂട്ടായ്മ സംസ്ഥാന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. യുഎപിഎ നിയമത്തിനെതിരാണെന്ന പ്രഖ്യാപിത നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാവണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നാളിതു വരെ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകള്‍ എത്ര, എത്ര പേരെ യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്തു, എത്ര പേര്‍ക്ക് ജാമ്യം ലഭിച്ചു, എത്ര പേര് തടവില്‍ കഴിയുന്നു, എത്ര കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി, എത്ര കേസുകളില്‍ വിചാരണ പൂര്‍ത്തിയായി, എത്ര കേസുകളില്‍ പ്രതികളെ ശിക്ഷിച്ചു, എത്ര കേസുകളില്‍ പ്രതികളെ വെറുതെ വിട്ടു എന്നീ വിവരങ്ങള്‍ വിശദീകരിച്ച് ഒരു ധവളപത്രം പുറത്തിറക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറാവണം.


 ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ ഭരണസംവിധാനത്തെ അട്ടിമറിക്കുന്ന കേന്ദ്രനീക്കങ്ങള്‍ക്കെതിരെയുള്ള ഇടതുനിലപാട് സത്യസന്ധമാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം കവരുന്ന എന്‍ഐഎ നിയമത്തിനെതിരേ രാഷ്ട്രീയവും നിയമപരവുമായ നയനിലപാടുകള്‍ സ്വീകരിക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാവണം. യുഎപിഎ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ജാമ്യം നല്‍കുന്നതിന് 1996ലെ ഷഹീന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കേസില്‍ സുപ്രിംകോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നയമാക്കി നടപ്പാക്കണം.

യുഎപിഎയുടെ ഏത് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട കേസുകളാണെങ്കിലും കുറ്റപത്രം സമര്‍പ്പിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും വിചാരണാനടപടികള്‍ ആരംഭിക്കാത്ത കേസുകളില്‍ തടവില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണം തുടങ്ങിയവ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഡ്വ.പി ചന്ദ്രശേഖര്‍ ചെയര്‍പേഴ്‌സനും അഡ്വ കെ വി ഭദ്രകുമാരി വൈസ് ചെയര്‍പേഴ്‌സനുമായ സമിതി യുഎപിഎ നിയമങ്ങളുടെ കാര്യത്തില്‍ ഒരു മനുഷ്യാഘാത പഠനം നടത്താന്‍ തീരുമാനിച്ചു.

ക്യാന്‍സര്‍ രോഗബാധിതനും പാര്‍ക്കിന്‍സണ്‍സ് രോഗമടക്കം പലവിധ അസുഖങ്ങളാല്‍ വലയുന്ന, പിഎഫ്‌ഐ നേതാവ് ആയിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ട ഇ അബൂബക്കറിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കണ്‍വന്‍ഷന്‍ പ്രമേയം പാസാക്കി. അഡ്വ പി ചന്ദ്രശേഖര്‍ അധ്യക്ഷനായ കണ്‍വന്‍ഷനില്‍ അഡ്വ.കെ വി ഭദ്രകുമാരി, നസീര്‍ അലിയാര്‍, സി ആര്‍ നീലകണ്ഠന്‍, അഡ്വ.പി കെ ഇബ്രാഹിം, വി സി ജെന്നി, അജയകുമാര്‍, കെ പി സേതുനാഥ്, റാസിഖ് റഹിം, കെ സുനില്‍കുമാര്‍, എസ് ഹരി, അഡ്വ.സഹീര്‍, സേതു സമരം, എം എന്‍ രാവുണ്ണി, നിഹാരിക, കാര്‍ത്തികേയന്‍, മാരിയപ്പന്‍, സേതു സമരം, സി കെ ഗോപാലന്‍, എസ് രവി, ജോര്‍ജ് മാത്യു, ടി സി സുബ്രഹ്മണ്യന്‍, ഡോ.പി ജി ഹരി, പി എസ് മിഥുന്‍, സി പി നഹാസ്, ജോയ് പാവേല്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News