കാര്‍ഷിക നിയമങ്ങള്‍ക്കു പിന്നാലെ സിഎഎയും പിന്‍വലിക്കണമെന്നാവശ്യം ശക്തം

'കൂടുതല്‍ കാലതാമസം കൂടാതെ' സിഎഎ പിന്‍വലിക്കണമെന്ന് അമ്രോഹയില്‍ നിന്നുള്ള ബിഎസ്പി എംപി കന്‍വര്‍ ഡാനിഷ് അലി ആവശ്യപ്പെട്ടു.

Update: 2021-11-21 16:34 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ പൗരത്വ (ഭേദഗതി) നിയമവും (സിഎഎ) പിന്‍വലിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും.

'കൂടുതല്‍ കാലതാമസം കൂടാതെ' സിഎഎ പിന്‍വലിക്കണമെന്ന് അമ്രോഹയില്‍ നിന്നുള്ള ബിഎസ്പി എംപി കന്‍വര്‍ ഡാനിഷ് അലി ആവശ്യപ്പെട്ടു. മൂന്നു കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നത് സ്വാഗതാര്‍ഹമായ നീക്കമാണ്. ശക്തരായ ഭരണകൂട ശക്തികളോടും അവരുടെ ചങ്ങാത്ത മുതലാളിത്ത സുഹൃത്തുക്കളോടും പോരാടാനും ത്യാഗം ചെയ്യാനും പരാജയപ്പെടുത്താനുമുള്ള കര്‍ഷകരുടെ ഇച്ഛാശക്തിയെതാന്‍ അഭിനന്ദിക്കുന്നു. പ്രധാനമന്ത്രി മോദി 'കൂടുതല്‍ കാലതാമസം കൂടാതെ' സിഎഎ പുനഃപരിശോധിക്കുകയും റദ്ദാക്കുകയും വേണം'-അദ്ദേഹം ട്വീറ്റ് ചെയ്തു.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെന്ന പ്രഖ്യാപനത്തെ ജംഇയ്യത്ത് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി സ്വാഗതം ചെയ്യുകയും കര്‍ഷകരുടെ 'വിജയത്തിന്' അഭിനന്ദനം അറിയിക്കുകയും ചെയ്തു.

സിഎഎയ്‌ക്കെതിരായ പ്രക്ഷോഭം കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പോലെ തന്നെ സിഎഎയും പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം ജനാധിപത്യവും ജനങ്ങളുടെ അധികാരവുമാണ് പരമപ്രധാനമെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മറ്റെല്ലാ പ്രക്ഷോഭങ്ങളിലും ചെയ്തതുപോലെ കര്‍ഷക പ്രസ്ഥാനത്തെയും കീഴ്‌പ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായും മദനി കുറ്റപ്പെടുത്തി.

കാര്‍ഷിക നിയമങ്ങള്‍ പോലെ, സമൂഹത്തിലെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി സര്‍ക്കാര്‍ സിഎഎ പിന്‍വലിക്കണമെന്ന് ദാറുല്‍ ഉലൂം ദയൂബന്ദ് വക്താവ് മൗലാന സുഫിയാന്‍ നിസാമി പറഞ്ഞു.

സിഎഎ പിന്‍വലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ജനങ്ങളുടെ വികാരം മാനിക്കണമെന്നും സാമൂഹിക പ്രവര്‍ത്തകനായ എസ് ആര്‍ ദാരാപുരി പറഞ്ഞു.

'സമാന ചിന്താഗതിക്കാരായ ആളുകള്‍' പകര്‍ച്ചവ്യാധിയുടെ സമയത്ത് അവസാനിപ്പിച്ച തങ്ങളുടെ പ്രക്ഷോഭം പുനരാരംഭിക്കാന്‍ ആലോചിക്കുന്നതായി സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത

പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പ്രവര്‍ത്തക പറഞ്ഞു.

'കര്‍ഷകര്‍ വഴി കാണിച്ചുതന്നിരിക്കുന്നു, അവരുടെ നിരന്തരമായ പ്രതിഷേധങ്ങള്‍ക്ക് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരാകാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ടാണ് തങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയാത്തതെന്നും അവര്‍ ചോദിച്ചു.

2019 ഡിസംബര്‍ 12ന് വിജ്ഞാപനം ചെയ്യപ്പെട്ട സിഎഎ 2020 ജനുവരി 10 മുതല്‍ പ്രാബല്യത്തില്‍ വന്നു.സിഎഎ പാര്‍ലമെന്റ് പാസാക്കിയതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്.

Tags:    

Similar News