ആര്‍എസ്എസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം വംശീയ അക്രമങ്ങള്‍; എസ്ഡിപിഐ രാജ്ഭവന്‍ മാര്‍ച്ച് വ്യാഴാഴ്ച

സംസ്ഥാനത്ത് 300 കേന്ദ്രങ്ങളില്‍ പ്രതിഷേധം

Update: 2022-04-13 11:03 GMT

തിരുവനന്തപുരം: ആര്‍എസ്എസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം വംശീയ അക്രമങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ വ്യാഴാഴ്ച സംസ്ഥാനത്ത് 300 കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11ന് മ്യൂസിയം ജങ്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. രാജ്ഭവനു മുമ്പില്‍ നടക്കുന്ന പ്രതിഷേധം സംസ്ഥാന ഖജാന്‍ജി എ കെ സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ നേതാക്കള്‍ സംസാരിക്കും. സംസ്ഥാനത്ത് മണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും.

വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് സംഘപരിവാരം രാജ്യവ്യാപകമായ കലാപം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ലൗ ജിഹാദിലും ഹിജാബിലും ഹലാല്‍ വിവാദത്തിലുമായി ശക്തിപ്രാപിച്ച വംശീയ അക്രമങ്ങള്‍ രാമനവമി ആഘോഷങ്ങളോടെ അതിരൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഒന്നിനു പുറകേ മറ്റൊന്ന് എന്ന തരത്തില്‍ വിവാദങ്ങളും വിദ്വേഷങ്ങളും ആളിക്കത്തിച്ച് ആയുധങ്ങളുമായി അക്രമികള്‍ ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും വീടുകളും അക്രമിക്കുകയാണ്. സ്ത്രീകളുടെ മാനം കവര്‍ന്നെടുക്കാന്‍ സന്യാസ വേഷം ധരിച്ചവര്‍ പോലും ആഹ്വാനം ചെയ്യുന്നു. ഭരണകൂടവും നിയമപാലകരും നീതി പീഠങ്ങളും പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളും മൗനമവലംബിക്കുന്നത് അക്രമികള്‍ക്ക് പ്രോല്‍സാഹനമായി മാറുന്നു. ഈ ഗുരുതരമായ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമാധാനത്തിനുമായി ഒറ്റക്കെട്ടായി അക്രമികള്‍ക്കെതിരേ ജനകീയ പ്രതിരോധത്തിന് പൊതുസമൂഹം തയ്യാറാവണമെന്നും അജ്മല്‍ ഇസ്മായീല്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News