'തേച്ചിട്ട്' പോയ കാമുകിക്ക് 'ഊതി നിറച്ച' മറുപടി; തൃശൂരില്‍ യുവാവ് ഊതി വീര്‍പ്പിച്ചത് 666 ബലൂണുകള്‍
'ക്ടാവ് ബ്രേക്ക് അപ് ആയിപ്പോയിട്ട് 666 ദിവസമായി. ഇത്രയും ദിവസം കാത്തിരുന്നു. അതിന്റെ ഓര്‍മയ്ക്കായിട്ട് അത്രയും ബലൂണ്‍ ഇരിക്കട്ടേന്ന്' എന്നായിരുന്നു ചോദിച്ചവരോടുള്ള മറുപടി.
തൃശൂര്‍: പ്രണയ നൈരാശ്യത്തില്‍ ജീവിതം അവസാനിപ്പിക്കുകയും വഞ്ചിച്ചയാളെ കൊലപ്പെടുത്തുകയും ചെയയ്യുന്ന കാലത്ത് വേറിട്ട പ്രതിഷേധവുമായി ഒരു യുവാവ്. വാക്കുമാറി ഉപേക്ഷിച്ച് പോയ കാമുകിയുടെ ഓര്‍മക്കായി 666 ബലൂണുകളാണ് ഇയാള്‍ തനിച്ച് ഊതി വീര്‍പ്പിച്ച് റോഡരികില്‍ കെട്ടിതൂക്കിയത്.
കുറ്റുമുക്ക് നെട്ടിശേരിയിലെ പാടത്തിന്റെ സമീപമുള്ള റോഡിന്റെ അരികിലാണ് യുവാവ് വേറിട്ട രീതിയില്‍ സങ്കടവും നിരാശയും പ്രകടിപ്പിച്ചത്. റോഡരികില്‍ ഹൃദയാകൃതിയിലുള്ള നൂറുകണക്കിന് ചുവന്ന ബലൂണ്‍ തൂക്കിയിട്ടത് കണ്ട് കാര്യം തിരക്കിയവരോടെല്ലാം പൊട്ടിപ്പോയ ബന്ധത്തിന്റെ കാര്യവും ഇയാള്‍ വിവരിച്ചു. 'ക്ടാവ് ബ്രേക്ക് അപ് ആയിപ്പോയിട്ട് 666 ദിവസമായി. ഇത്രയും ദിവസം കാത്തിരുന്നു. അതിന്റെ ഓര്‍മയ്ക്കായിട്ട് അത്രയും ബലൂണ്‍ ഇരിക്കട്ടേന്ന്' എന്നായിരുന്നു ചോദിച്ചവരോടുള്ള മറുപടി.
രാവിലെ ഒരു വലിയ പെട്ടി നിറയെ ബലൂണ്‍ പൊതികളുമായി എത്തിയ യുവാവ് ഇലക്ട്രിക് പോസ്റ്റിലും മരത്തിലുമായി കയര്‍ വലിച്ചു കെട്ടിയ ശേഷം ബലൂണുകള്‍ ഓരോന്നായി ഊതി നിറച്ച് കെട്ടുകയായിരുന്നു. കാറ്റ് ഊതി അവശനായെങ്കിലും ബലൂണ്‍ നിറക്കല്‍ നിര്‍ത്തിയില്ല. കാമുകി തേച്ചിട്ടു പോയ അത്രയും ദിവസങ്ങള്‍ക്കുള്ള എണ്ണം ബലൂണ്‍ നിറച്ച ശേഷമാണ് ഇയാള്‍ സ്ഥലംവിട്ടത്.