പാലാ ബിഷപ്പിന് പ്രവര്‍ത്തനത്തിലൂടെ മറുപടി; കൊവിഡ് ബാധിച്ച് മരിച്ച ക്രൈസ്തവ വിശ്വാസിയുടെ മൃതദേഹം സംസ്‌കരിച്ച് 'വിഖായ' വളണ്ടിയര്‍മാര്‍
തൃശൂര്‍: നാര്‍കോടിക് ജിഹാദും ലൗ ജിഹാദും ആരോപിച്ച് ചില ക്രിസ്ത്യന്‍ മതമേലധക്ഷ്യന്‍മാര്‍ വര്‍ഗ്ഗീയത പടര്‍ത്തുന്ന സമയത്ത്, കൊവിഡ് ബാധിച്ച് മരിച്ച ക്രൈസ്തവ വിശ്വാസിയുടെ മൃതദേഹം സംസ്‌കരിച്ച് മുസ് ലിം യുവാക്കള്‍ മാതൃകയായി. എസ്‌കെഎസ്എസ്എഫ് സന്നദ്ധ വിഭാഗമായ വിഖായ വളണ്ടിയര്‍മാരാണ് സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തുന്നവര്‍ക്ക് പ്രവൃത്തിയിലൂടെ മറുപടി നല്‍കിയത്.
കൊവിഡ് ബാധിച്ച് മരിച്ച അന്നമനട കുമ്പിടി സ്വദേശി കിടങ്ങന്‍ വീട്ടില്‍ ജോണ്‍സന്റെ മൃതദേഹം സംസ്‌ക്കിക്കാനാണ് വിഖായ വളണ്ടിയര്‍മാര്‍ സഹായിച്ചത്. കരള്‍ സംബന്ധമായ രോഗം ബാധിച്ച് 15 ദിവസം മുന്‍പാണ് ജോണ്‍സന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. അവിടെനിന്നും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്. ജോണ്‍സന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കൊളേജില്‍ നിന്ന് വിഖായ വളണ്ടിയര്‍മാരായ വെള്ളാങ്കല്ലൂരിലെ അലിയാര്‍ കടലായി, അബീല്‍, ഷെഫീഖ്, നിസാം, സുഹൈല്‍ എന്നിവരാണ് കുമ്പിടിയില്‍ എത്തിച്ചത്.
കുമ്പിടി ചെറുപുഷ്പം ക്രിസ്തീയ ദേവാലയത്തിലെ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ക്കും യുവാക്കള്‍ സഹായം നല്‍കി. മുഖ്യപുരോഹിതന്‍ സംസ്‌കാര ശുശ്രൂഷക്ക് കാര്‍മ്മികത്വം വഹിച്ചപ്പോള്‍ മൃതദേഹം സംസ്‌കരിക്കുന്നതിന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂടെയുണ്ടായത് വിഖായ വളണ്ടിയര്‍മാര്‍ ആയിരുന്നു.