നരേന്ദ്രമോദിക്ക് മറുപടി: പോപുലര്‍ ഫ്രണ്ടിന്റെ സാമൂഹികനയം ആര്‍എസ്എസിനെ അസ്വസ്ഥപ്പെടുത്തുന്നതെന്ന് എ അബ്ദുല്‍ സത്താര്‍

Update: 2021-04-03 09:08 GMT
നരേന്ദ്രമോദിക്ക് മറുപടി: പോപുലര്‍ ഫ്രണ്ടിന്റെ സാമൂഹികനയം ആര്‍എസ്എസിനെ അസ്വസ്ഥപ്പെടുത്തുന്നതെന്ന് എ അബ്ദുല്‍ സത്താര്‍

പത്തനംതിട്ട: നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന വര്‍ഗീയ ഫാഷിസത്തെ ചെറുത്തു തോല്‍പ്പിക്കുക എന്നതാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സാമൂഹികനയമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ദേശവിരുദ്ധര്‍ക്കൊപ്പം നിലകൊള്ളുകയും വര്‍ഗീയതയുടെ പ്രചാരകനുമായ നരേന്ദ്ര മോദി പോപുലര്‍ ഫ്രണ്ടിന്റെ മഹത്തായ സാമൂഹിക നയങ്ങളെ ചോദ്യം ചെയ്യുന്നതില്‍ യാതൊരു ധാര്‍മ്മികതയുമില്ല. ഇന്ത്യയില്‍ ഇന്ന് പ്രസക്തമായത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്നോട്ടുവച്ചിട്ടുള്ള സാമൂഹിക നയങ്ങള്‍ തന്നെയാണ്. ഫാഷിസ്റ്റ് ഭീകരതയായ ആര്‍എസ്എസിനെ പ്രതിരോധിച്ച് തുല്യനീതിയും സ്വാതന്ത്ര്യവും പൗരാവകാശങ്ങളും അനുഭവിക്കാന്‍ കഴിയുന്ന ഇന്ത്യ കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം. അവസര സമത്വം നിഷേധിക്കപ്പെടുന്ന അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനായാണ് സംഘടന നിലകൊള്ളുന്നതെന്നും പത്തനംതിട്ട പ്രസ് ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നേതാക്കള്‍.

''പോപുലര്‍ ഫ്രണ്ടിന്റെ നയങ്ങള്‍ ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള ആര്‍എസ്എസിന്റേയും ബിജെപിയുടേയും നീക്കത്തെ അസ്വസ്ഥപ്പെടുത്തുന്നു എന്നതാണ് മോദിയുടെ പ്രസ്താവനയില്‍ നിന്നും വ്യക്തമാവുന്നത്. ഇന്ത്യയുടെ ബഹുസ്വരതയേയും വൈജാത്യങ്ങളേയും തകര്‍ത്ത് ഒരു ഏകശിലാ സംസ്‌കാരം രൂപീകരിക്കാനുള്ള ആര്‍എസ്എസ് അജണ്ടകളെ തിരിച്ചറിഞ്ഞ് അതിനെതിരായ ജനകീയ പ്രതിരോധ മുന്നേറ്റമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വളര്‍ത്തിയെടുക്കുന്നത്. ഈ മുന്നേറ്റം രാജ്യത്തിന്റെ 18 സംസ്ഥാനങ്ങളില്‍ വേരുറപ്പിച്ച് കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേക്ക് ഈ സന്ദേശം പകരാനും സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ആര്‍എസ്എസിനെ എത്രത്തോളം പ്രകോപിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് മോദിയുടേയും യോഗിയുടേയും കേരളത്തിലെ പ്രസ്താവനകള്‍ . ജനാധിപത്യ അവകാശങ്ങള്‍ക്കും അവസര സമത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്ന എല്ലാ മുന്നേറ്റങ്ങളും ആര്‍എസ്എസ് അജണ്ടകള്‍ക്ക് വിഘാതമാണ്. അതിനെതിരായ അസഹിഷ്ണുതയാണ് ഇത്തരം പ്രസംഗങ്ങളിലൂടെ പ്രകടമാവുന്നത്.''

വര്‍ഗീയത അഴിച്ചുവിട്ട് കലാപങ്ങളും കൊലപാതകങ്ങളും കൊള്ളിവയ്പ്പുകളും നടത്തി അധികാരത്തിലെത്തിയ മോദിക്ക് പോപുലര്‍ ഫ്രണ്ടിനെ പോലെയുള്ള ജനകീയ പ്രസ്ഥാനങ്ങളെ വിമര്‍ശിക്കാന്‍ എന്ത് ധാര്‍മികതയാണുള്ളതെന്ന് ചോദിച്ച അദ്ദേഹം തികഞ്ഞ വര്‍ഗീയ വാദിയുടെ കവല പ്രസംഗത്തിന്റെ നിലവാരത്തിലേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പ്രസ്താവന തരംതാഴുന്നത് ആ പദവിക്ക് ചേര്‍ന്നതല്ലെന്നും ഓര്‍മിപ്പിച്ചു. ''ഇന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എല്ലാ നെറികേടുകളുടേയും ആസ്ഥാനമായി മാറുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തല്ലിക്കൊലകളും ആള്‍ക്കൂട്ട കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും ദിനംപ്രതി വര്‍ധിക്കുകയാണ്. യോഗി ഭരിക്കുന്ന യുപി ഏറ്റവും വലിയ ഭരണകൂട ഭീകരതയുടെ നാടായി മാറി. ജനാധിപത്യവും ഭരണഘടനയും അട്ടിമറിച്ച് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാര അജണ്ടകള്‍ക്കാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. വിശ്വാസത്തിന്റെയും വേഷത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ പൗരന്‍മാരെ വേര്‍തിരിക്കുകയും രാജ്യത്ത് നിന്ന് അട്ടിപ്പായിക്കാനും അടിച്ചമര്‍ത്താനും ശ്രമിക്കുന്ന പ്രത്യയ ശാസ്ത്രമാണ് നരേന്ദ്ര മോദിയും കൂട്ടരും പ്രസംഗിക്കുന്നതും പ്രയോഗിക്കുന്നതും. ഇതിനെതിരേ നിലകൊള്ളുകയെന്ന സാമൂഹിക ദൗത്യമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിര്‍വഹിക്കുന്നത്''- അത് ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നും ആ നിലപാടില്‍ പ്രസ്ഥാനം ഉറച്ചു നില്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറിനു പുറമെ സംസ്ഥാന സെക്രട്ടറി എസ് നിസാര്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് സജീവ് പഴകുളം എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News