ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. തുടര്‍ച്ചയായ എട്ടാം തവണയാണ് പണനയ അവലോകന യോഗം റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ നില്‍ക്കുന്നത്. 2023 ഫെബ്രുവരി മുതല്‍ ഈ നിരക്കാണ് തുടരുന്നത്. ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക് 4.83 ശതമാനമാണ്. രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റ തോത് കുറഞ്ഞിട്ടില്ല. പണപ്പെരുപ്പ നിരക്ക് നാലുശതമാനത്തില്‍ താഴെയാക്കാനാണ് ആര്‍ബിഐ ശ്രമം. പുതിയ സര്‍ക്കാരിന്റെ നയങ്ങളും അടുത്ത മാസത്തെ ബജറ്റും അനുസരിച്ചാകും ആര്‍ബിഐയുടെ പുതിയ തീരുമാനങ്ങള്‍.
അതേസമയം, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായ ഓഹരി വിപണി ഇടിവ് തുടരുകയാണ്. 18109 കോടി വിദേശനിക്ഷേപം ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. കഴിഞ്ഞ ആറു ദിവസത്തിനിടയാണ് ഇത്രയും തുക പിന്‍വലിക്കപ്പെട്ടത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ സെന്‍സെക്‌സ് 6% ഇടിഞ്ഞിരുന്നു. ഫലപ്രഖ്യാപനം നടന്ന ജൂണ്‍ നാലിന് മാത്രം 12 , 436 കോടി പിന്‍വലിക്കപ്പെട്ടു.